ബജറ്റിൽ എല്ലാ വർഷവും വരുമാനമായി ആറായിരം രൂപ അഞ്ച് ഏക്കറിൽ താഴേ ഭൂമിയുള്ള കർഷകർക്ക് ഉറപ്പുവരുത്തിയതിനൊപ്പം കർഷകരുടെ ബുദ്ധിമുട്ടുകൾക്ക് അറുതിവരുത്താൻ കൈത്താങ്ങുമായി വീണ്ടും കേന്ദ്രഗവണ്മെന്റ്. കർഷകരുടെ ഈട് ആവശ്യമില്ലാത്ത വായ്പാ പരിധി 60% വർദ്ധിപ്പിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് അറിയിച്ചു.
യാതൊരു ഈടോ പണയമോ കൂടാതെ ഇനിമുതൽ ഒരു ലക്ഷത്തി അറുപതിനായിരം രൂപ കർഷകർക്ക് വായ്പ ലഭിയ്ക്കും. നിലവിൽ ഈടില്ലാതെ ലഭിയ്ക്കുന്ന വായ്പയുടെ പരിധി ഒരുലക്ഷം രൂപയാണ്.
2010ലാണ് ഈ പരിധി ഒരു ലക്ഷം രൂപയാക്കി നിജപ്പെടുത്തിയത്. സ്വന്തമായി വായ്പ ലഭിയ്ക്കാൻ വേണ്ട ഭൂമി ഇല്ലാത്തവരോ ഉള്ള ഭൂമി പണയത്തിലായവരോ ആയ മിക്ക കർഷകരും സ്വന്തം കാർഷികാവശ്യങ്ങൾ ഈടില്ലാത്ത ഈ വായ്പ ഉപയോഗിച്ചാണ് നിവൃത്തിയ്ക്കുന്നത്. പണം കുറേശ്ശെ അടച്ചുതീർക്കാൻ കഴിയുമെന്നതിനാൽ കൊള്ളപ്പലിശക്കാരുടെ കടക്കെണിയിൽ നിന്ന് രക്ഷനേടി പലരും ഈ വായ്പയെ ആശ്രയിയ്ക്കാറുണ്ട്.
പെട്ടെന്ന് എന്തെങ്കിലും ചിലവുകൾ വരുമ്പോഴും ഈ വായ്പയാണ് കർഷകർക്ക് ആശ്രയമാകുന്നത്. നിലവിൽ വായ്പ കൂടുതൽ നൽകാൻ ബാങ്കുകൾക്ക് താൽപ്പര്യമുണ്ടായിരുന്നാലും റിസർവ് ബാങ്ക് ചട്ടങ്ങൾ മൂലം ഒരു ലക്ഷം രൂപ മാത്രമേ വായ്പ നൽകാൻ കഴിയുമായിരുന്നുള്ളൂ. റിസർവ് ബാങ്കിന്റെ പുതുക്കിയ നയം പ്രകാരം ഇനി ഒരു ലക്ഷത്തി അറുപതിനായിരം രൂപ ലഭിയ്ക്കും.
സാധാരണക്കാരനായ കർഷകരുടെ പ്രശ്നങ്ങളിൽ അതീവശ്രദ്ധപതിപ്പിച്ചുകൊണ്ടുള്ള നയങ്ങളാണ് കേന്ദ്രഗവണ്മെന്റ് അടുത്തിടെ കൈക്കൊണ്ടിരിയ്ക്കുന്നത്. വർഷം ആറായിരം രൂപ കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിയ്ക്കുന്ന പദ്ധതി വൻ മാറ്റം ഗ്രാമീണമേഖലയിലുണ്ടാക്കുമെന്ന് സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post