അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി.ബി.ഐ എസ്.പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കല്യാശേരി എം.എല്‍.എയായ ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.
സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ച മുന്‍പാണ് സമര്‍പ്പിച്ചത്. നേരത്തെ നിസാരമായ കുറ്റമാണ് ജയരാജനെതിരെ ചുമത്തിയത്. ജയരാജനെ 32 ആം പ്രതിയായും ടിവി രാജേഷ് എംഎല്‍എയെ 33-ാം പ്രതിയുമായാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുള്ളത്
എന്നാല്‍ പിന്നീടുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് 302, 120 ബി വകുപ്പുകള്‍ ചേര്‍ത്ത് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്.
രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുകൊണ്ടായിരുന്നു ഷുക്കൂറിനെ വധിച്ചതെന്നാണ് സാക്ഷി റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി സാക്ഷികളെ സി.ബി.ഐ ചോദ്യം ചെയ്തതിനു ശേഷമാണ് പി.ജയരാജനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് കൊലപാതകത്തിനായുള്ള ഗൂഢാലോചനയില്‍ പി.ജയരാജന് ഉള്‍പ്പെടെ പങ്കെടുത്തുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
കൊലപാതകത്തെ കുറിച്ച് അറിഞ്ഞിട്ടും തടയാനുള്ള ശ്രമം ജയരാജന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു
കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവന് കടവിനടുത്ത് വെച്ചായിരുന്നു കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത പ്രതികളെല്ലാം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു.
Discussion about this post