വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര വ്യക്തമാക്കി. ലഖ്നൗവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും തിരഞ്ഞെടുപ്പ് പ്രചരണത്തിലുമായിരിക്കും ശ്രദ്ധ ചെലുത്തുന്നതെന്നും പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലൊ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിലൊ ആയിരിക്കും പ്രിയങ്ക മത്സരിക്കുന്നതെന്ന് മുന്‍പ് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടിയെ ഒരുക്കുന്നതിന് കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശഇല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധി 16 മണിക്കൂര്‍ നീണ്ട് നിന്ന ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ചര്‍ച്ച ബുധനാഴ്ച അതിരാവിലെയാണ് അവസാനിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പിലെ 41 സീറ്റുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്. 39 സീറ്റുകളുടെ ചുമതല വഹിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.
റോബര്‍ട്ട് വദ്രക്കെതിരെയുള്ള കേസുകള്‍ പ്രിയങ്ക വദ്ര സ്ഥാനാര്‍ത്ഥിയാകുന്നതോടെ സജീവമാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. വദ്രയ്ക്കെതിരെ കോടതിയിലുള്ള കേസുകളിലും അന്വേഷണങ്ങളിലും ഇനിയും തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
Discussion about this post