കാസര്‍കോട് ; സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കല്യോട്ട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം സംസ്കരിച്ചു. കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത്ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചത്.
ആശുപത്രിയില്‍നിന്നും വിലാപയാത്രയായി രാത്രി എട്ടുമണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീടിലെത്തിച്ചത്. വിവിധ സ്ഥലങ്ങളിലായി നൂറുകണക്കിനു ആളുകളാണ് ഇരുവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്. ഇരുവരുടെയും കൂട്ടുകാരും ബന്ധുക്കളും മൃതദേഹങ്ങള്‍ ചിതയിലേക്കെടുത്തപ്പോള്‍ പൊട്ടിക്കരഞ്ഞു. ഏറെ പണിപ്പെട്ടാണ് പാര്‍ട്ടി നേതാക്കളും നാട്ടുകാരും ഇവരെ സമാധാനിപ്പിച്ചത്.
അല്പസമയം മുന്‍പ് ശരത്ലാലിന്റെയും കൃപേഷിന്റെയും വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവന്നപ്പോഴും ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങളിലേക്ക് വീണ് മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. വിലാപയാത്രയ്ക്കിടെ കല്യോട്ട് പലയിടങ്ങളിലും പരക്കെ അക്രമം അരങ്ങേറിയിരുന്നു. പോലീസ് കനത്ത സുരക്ഷയാണ് ജില്ലയിലും വിലാപയാത്രയ്ക്കും ഒരുക്കിയത്.
Discussion about this post