16 ഭാര്യമാർ… 104 മക്കൾ… മക്കൾക്ക് 144 മക്കൾ. ടാൻസാനിൻ സ്വദേശി മേസ് ഏണെസ്റ്റോയുടെ കുടുംബം ഇങ്ങനെ വളർന്ന് പന്തലിക്കുകയാണ്. ഭാര്യമാരും മക്കളും കൊച്ചുമക്കളുമടക്കം ഒരു ചെറിയ പഞ്ചായത്ത് തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം.
ടാൻസാനിയയിലെ എൻജോമ്പെ ഗ്രാമത്തിലാണ് മേസ് ഏണസ്‌റ്റോ എന്ന മേസ് ഏണസ്‌റ്റോ മുഇനുച്ചി കപിംഗയുടെ താമസം. എൻജോമ്പെ ഗ്രാമത്തിലെ ജനസംഖ്യയിൽ വലിയൊരു ശതമാനം മേസിന്റെ കുടുംബാംഗങ്ങളാണ്. 16 ഭാര്യമാരും മക്കളും 144 കൊച്ചുമക്കളുമായി 268 പേരാണ് മേസിന്റെ കുടുംബത്തിൽ ഉള്ളത്.
1961 ൽ ആയിരുന്നു മേസിന്റെ ആദ്യത്തെ വിവാഹം. ഒരു വർഷത്തിന് ശേഷം ആദ്യത്തെ കുട്ടിയുണ്ടായി. വലിയൊരു കുടുംബം വേണമെന്നത് മേസിന്റെ പിതാവിന്റെ വലിയൊരു ആഗ്രഹം ആയിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ വിവാഹം കഴിക്കാൻ അദ്ദേഹം മേസിനെ നിർബന്ധിച്ചു. സ്ത്രീധനം നൽകാനുള്ള പണം നൽകിയും പിതാവാണെന്ന് മേസ് പറയുന്നു. പിതാവിന്റെ പ്രോത്സാഹനത്തെ തുടർന്ന് 20 വിവാഹങ്ങൾ ആയിരുന്നു അദ്ദേഹം കഴിച്ചത്.
കുടുംബാംഗങ്ങളുടെ എണ്ണം ഭാര്യമാരിൽ ചിലരിൽ ബുദ്ധിമുട്ടുണ്ടാക്കി. ഇതോടെ ചിലർ അദ്ദേഹത്തെ വിട്ട് തിരികെ പോയി. പ്രായാധിക്യത്തെ തുടർന്ന് ഭാര്യമാർ മരിച്ചു. എങ്കിലും 16 ഭാര്യമാർ ഇപ്പോൾ അദ്ദേഹത്തിനൊപ്പമുണ്ട്. ഇതിൽ ഏഴ് പേർ അദ്ദേഹത്തിന്റെ സഹോദരിമാർ ആണെന്നതാണ് മറ്റൊരു വസ്തുത. സത്യസന്ധതയും ഉത്തരവാദിത്വവും കണ്ടാണ് സ്വന്തം സഹോദരനെ തന്നെ വിവാഹം ചെയ്യാൻ ഏഴ് സഹോദരിമാരും തീരുമാനിച്ചത്.
സന്തുഷ്ട കുടുംബമാണ് മേസിന്റേത്. എല്ലാവർക്കും കുടുംബത്തിൽ തുല്യപ്രാധാന്യം. ആസൂയയ്‌ക്കോ വഴക്കിനോ അദ്ദേഹത്തിന്റെ കുടുംബത്തിൽ സ്ഥാനമില്ലെന്നത് എടുത്ത് പറയേണ്ട ഒന്നാണ്. സമാധാനപരമായ കുടുംബ ജീവിതത്തിനായി അദ്ദേഹം ഓരോ ഭാര്യയ്ക്കും ഓരോ വീടും അടുക്കളയും ഒരുക്കി നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ മാത്രമാണ് ഭാര്യമാർ പാകം ചെയ്യാറും ഉറങ്ങാറുമുള്ളത്.
വലിയ കുടുംബം ആയിരുന്നിട്ടും സാമ്പത്തിക സ്ഥിതിയിൽ മുൻപിൽ ആണ് മേസും കുടുബവും.
കൃഷിയാണ് കുടുംബത്തിന്റെ പ്രധാനവരുമാന മാർഗ്ഗം. ഭാര്യമാരും മക്കളും പേരക്കുട്ടികളും ഒന്നിച്ചാണ് കൃഷിയിടത്തിൽ ജോലി ചെയ്യുക. ബീൻസ്, മധുരക്കിഴങ്ങ്, വാഴപ്പഴം എന്നിവയാണ് ഇവരുടെ പ്രധാന കൃഷി. ഇതിന് പുറമേ കന്നുകാലി വളർത്തലും ഉണ്ട്. ഏക്കറുകണക്കിലാണ് കൃഷി. വിളവിന്റെ ഒരു പങ്ക് നിത്യോപയോഗത്തിനായി സൂക്ഷിച്ച ശേഷം ബാക്കി ചന്തയിൽ കൊണ്ടുപോയി വിൽക്കും. ഈ പണം കൃത്യമായി സൂക്ഷിച്ചുവയ്ക്കും.
എല്ലാവരെയും ഒരുമിച്ച് ഇരുത്തി ഭക്ഷണം കഴിച്ച് കുടുംബത്തിന്റെ ഐക്യം കാക്കാൻ മേസ് ശ്രമിക്കാറുണ്ട്. കുടുംബ വഴക്കുകൾ ചർച്ച ചെയ്ത രമ്യമായി പരിഹരിക്കുന്നതിലും അദ്ദേഹത്തിന് കഴിവുണ്ട്. എല്ലാ ഭാര്യമാർക്കും തുല്യ സ്‌നേഹവും തുല്യ പ്രാധാന്യവുമാണ് അദ്ദേഹം നൽകാറുള്ളത്. ഇക്കാര്യം ഭാര്യമാരും സാക്ഷ്യപ്പെടുത്തുന്നു. ഉത്തമനായ ഭർത്താവാണ് മേസ് എന്നും ഒരിക്കലും തീരുമാനങ്ങൾക്ക് തങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാറില്ലെന്നുമാണ് ഭാര്യമാർ പറയുന്നത്. എല്ലാവരെയും ശ്രദ്ധയോടെ കേൾക്കും, തങ്ങൾ തമ്മിൽ പ്രശ്‌നം ഉണ്ടായാൽ എല്ലാവരും ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കും. ഇത് ഫലം കണ്ടില്ലെങ്കിൽ മാത്രമാണ് പരാതി മേസിന്റെ മുൻപിൽ എത്തുക.
കുടുംബ സ്‌നേഹി ആണെങ്കിലും മേസിന് സ്വന്തം മക്കളുടെയും പേരക്കുട്ടികളുടെയും പേരുകൾ ഓർത്തിരിക്കാൻ കഴിയാറില്ല. കണ്ടാൽ അറിയുമെന്ന് മാത്രം. ഇതിലും കൂടുതൽ മക്കൾ തനിക്ക് ഉണ്ടായിരുന്നുവെന്ന് മേസ് പറയുന്നു. മക്കളിൽ 40 പേർ അപകടങ്ങളിലും രോഗം ബാധിച്ചും മരിച്ചു. ഇപ്പോൾ 104 മക്കൾ മാത്രമാണ് മേസിനുള്ളത്.
തന്റെ കുടുംബം സമാധാനമായി മുന്നോട്ട് പോകുന്നതിന്റെ ക്രെഡിറ്റ് മേസ് നൽകുന്നത് സ്വന്തം ഭാര്യമാർക്കാണ്. അവരുടെ കഠിനാധ്വാനമാണ് തന്റെ കുടുംബത്തിന്റെ വിജയം എന്നും അദ്ദേഹം പറയുന്നു. പേരക്കുട്ടികളുടെ വിവാഹത്തിലൂടെ കുടുംബാംഗങ്ങളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നതുംകാത്ത് ഇരിക്കുകയാണ് മേസ്.
Discussion about this post