റൈഫിള്‍ തോക്കുകളില്‍ മുന്‍നിരയില്‍ നില്ക്കുന്ന എ.കെ-103 റൈഫിളുകള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യ. റഷ്യയില്‍ നിന്നും സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് തദ്ദേശീയമായി റൈഫിളുകള്‍ വികസിപ്പിക്കാനാണ് പദ്ധതി. എയറോ ഇന്ത്യ 2019ല്‍ റൊസ്റ്റക് സ്റ്റേറ്റ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ വിക്ടര്‍.എന്‍.ക്ലാഡോവാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തെ എക്കാലത്തേയും ഏറ്റവും മികച്ച, വിശ്വാസയോഗ്യമായ അസോള്‍ട്ട് റൈഫിളുകളിലൊന്നായ എ.കെ-47ന്റേയും എ.കെ.എം റൈഫിളിന്റേയും പുതുക്കിയ പതിപ്പാണ് എ.കെ-103. മൂന്നര കിലോഗ്രാം മാത്രം ഭാരമുള്ള ഇവയ്ക്ക് മിനിറ്റില്‍ 600 റൗണ്ട് വെടിയുതിര്‍ക്കാനുള്ള ശേഷിയുണ്ട്. 500 മീറ്റര്‍ പരിധിയുള്ള ഈ അസോള്‍ട്ട് റൈഫിളുകള്‍ റഷ്യയും ഇറാനുമുള്‍പ്പെടെ ലോകത്ത് അനേകം സായുധസേനകള്‍ ഉപയോഗിക്കുന്ന തോക്കാണ്.
മൂന്നാം തലമുറ റൈഫിളുകളിലൊന്നായ ഈ ആയുധം ഒരു 40 മില്ലീമീറ്റര്‍ ഗ്രനേഡ് ലോഞ്ചറും ഉള്‍ക്കൊള്ളിച്ചതാണ്. 7.62 മില്ലീമീറ്റര്‍ കാലിബര്‍ തിരകള്‍ ഇതില്‍ ഉപയോഗിക്കാനാകും.
ഈ മാസമാദ്യം പ്രതിരോധമന്ത്രാലയം സിഗ് സോയര്‍ സിഗ് 716 തോക്കുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടിരുന്നു. 72,400 റൈഫിളുകളാണ് വാങ്ങുന്നത്. എത്ര കലാഷ്നിക്കോവ് തോക്കുകള്‍ വാങ്ങും എന്ന് അറിവായിട്ടില്ല.
Discussion about this post