ഇന്ത്യയ്ക്ക് വേണ്ടി അസാമാന്യ ധൈര്യം കാഴ്ചവെച്ച് വീരമൃത്യു വരിച്ച വ്യോമസേനാ ഫൈറ്റര്‍ പൈലറ്റാണ് നിര്‍മ്മല്‍ ജീത് സിംഗ് ഷെഖോണ്‍. 1971ല്‍ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിലാണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന് പരം വീര ചക്ര നല്കി ആദരിക്കുകയുമുണ്ടായി. വ്യോമസേനയില്‍ ഇന്നുവരെ പരം വീര ചക്ര ലഭിച്ച ഏക വ്യക്തിയാണ് നിര്‍മ്മല്‍ ജീത് സിംഗ് ഷെഖോണ്‍.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഇസെവാല് ദാക്കയില്‍ 1943, ജൂലൈ 17നായിരുന്നു നിര്‍മ്മല്‍ ജീത് സിംഗ് ജനിച്ചത്. ഇന്ത്യന്‍ വ്യോമസേനയിലെ തന്നെ ഫ്ളൈറ്റ് ലെഫ്റ്റനന്റ് തര്‍ലോചന്‍ സിംഗ് ഷെഖോണിന്റെ മകനാണ് നിര്‍മ്മല്‍ ജീത് സിംഗ്. 1967, ജൂണിലായിരുന്നു നിര്‍മ്മല്‍ ജീത് സിംഗ് വ്യോമസേനയുടെ ഭാഗമായത്.
തുടര്‍ന്ന് 1971ലെ യുദ്ധത്തില്‍ ഇന്ത്യയുടെ വ്യോമസേനാ ആസ്ഥാനങ്ങള്‍ ലക്ഷ്യം വെച്ച് പാക്കിസ്ഥാന് ആക്രമണങ്ങള്‍ നടത്തുന്ന വേളയിലായിരുന്നു നിര്‍മ്മല്‍ ജീത് സിംഗ് ഷെഖോണ്‍ അസാമാന്യ ധൈര്യവും ദേശസ്നേഹവും കാഴ്ചവെച്ചത്.
വ്യോമസേനയുടെ 18ാം സ്ക്വാഡ്രണിന്റെ ഭാഗമായിരുന്നു നിര്‍മ്മല്‍ ജീത് സിംഗ്. വായുവില്‍ അപൂര്‍വ്വ രീതിയില്‍ നീങ്ങാനുള്ള ഈ സ്ക്വാഡ്രണ്‍ അംഗങ്ങളുടെ കഴിവ് മൂലം ‘ഫ്ളയിംഗ് ബുള്ളറ്റ്സ്’ എന്ന ഓമനപ്പേരും ഇവര്‍ക്ക് ലഭിച്ചിരുന്നു.
ഡിസംബര്‍ 14, 1971ല്‍ ജമ്മു കശ്മീരിലെ ശ്രീനഗറിലെ വ്യോമസേന ആസ്ഥാനത്തായിരുന്നു നിര്‍മ്മല്‍ ജീത് സിംഗ് ഉണ്ടായിരുന്നത്. ഫ്ളൈറ്റ് ലഫ്റ്റനന്റ് ബല്ധീര് സിംഗ് ഘുമന്റെ കീഴിലായിരുന്നു നിര്‍മ്മല്‍ ജീത് സിംഗ്. പാക്കിസ്ഥാന് ഏതെങ്കിലും തരത്തിലുള്ള വ്യോമ നീക്കം നടത്തിയാല്‍ ഇവര്‍ രണ്ട് പേരോടും ഉടനടി വായുവിലെത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.
കശ്മീരില്‍ റഡാറുകള്‍ ഇല്ലാതിരുന്ന ആ കാലത്ത് പാക്കിസ്ഥാനിലെ പെഷാവാറില്‍ നന്നും ആറ് എഫ്-86 സേബര്‍ ജെറ്റുകളായിരുന്നു ശ്രീനഗര്‍ ലക്ഷ്യം വെച്ച് നീങ്ങിയത്. ശ്രീനഗറില്‍ നിന്നും കുറച്ചകലെയുള്ള ഒരു നിരീക്ഷണ പോസ്റ്റില്‍ നിന്നും ഇവയെ കണ്ടയുടന്‍ തന്നെ നിര്‍മ്മല്‍ സിംഗിനും ബല്ധീര് സിംഗിനും പ്രത്യാക്രമണത്തിന് തയ്യാറാകാന്‍ നിര്‍ദ്ദേശം ലഭിച്ചു. നാട്ട് വിമാനങ്ങളായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്.
എന്നാല്‍ മോശം വാര്‍ത്താ വിനിമയ സംവിധാനം മൂലം ഇരുവര്‍ക്കും വായുവിലേക്കുയരാനുള്ള സമ്മതം എയര്‍ ട്രാഫിക് കണ്ട്രോളില് നിന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ സമ്മതം ലഭിക്കാതെ തന്നെ പ്രത്യാക്രമണത്തിന് തയ്യാറെടുത്തു. ഇരു നാട്ട്
വിമാനങ്ങളും ഉയര്‍ന്നപ്പോള്‍ തന്നെ റണ്‍വേയില്‍ പാക് വിമാനങ്ങള്‍ ബോംബിട്ടിരുന്നു.
ഇതില്‍ ഒരു വിമാനത്തിന് പിറകെ നിര്‍മ്മല്‍ ജീത് സിംഗ് ലക്ഷ്യം വെച്ച് പറന്നു. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വിങ് കമാന്‍ഡര്‍ ചങ്കാസിയും, ഫ്ളൈറ്റ് ലെഫ്റ്റനന്റുമാരായ ദോത്താനി, അന്ദ്രാബി, മിര്‍, ബൈഗ്, യൂസഫ്സായി എന്നിവരായിരുന്നു ആക്രമണത്തില്‍ പങ്കെടുത്തത്.
മിസൈലുകള്‍ ഇല്ലാതിരുന്ന അന്ന് ബുള്ളറ്റുകള്‍ മാത്രമായിരുന്നു ഇരു കൂട്ടര്‍ക്കും ആശ്രയം. നിര്‍മ്മല്‍ ജീത് സിംഗ് ദോത്താനിയുടെ വിമാനത്തിന് നേരെയും മറ്റൊരു പാക് വിമാനത്തിന് നേരെയും ബുള്ളറ്റുകള്‍ വര്‍ഷിക്കുന്ന നേരം കൊണ്ട് മറ്റ് രണ്ട് പാക്കിസ്ഥാന് വിമാനങ്ങള്‍ നിര്‍മ്മലിന്റെ പിറകില്‍ വന്നിരുന്നു. ഇതിനിടെ മൂടല്‍ മഞ്ഞ് മൂലം ബല്ദീര് സിംഗ് ഘുമന്‍ നിര്‍മ്മല്‍ ജീത് സിംഗിന്റെ വിമാനത്തെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
പാക് വിമാനങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി വൃത്താകൃതിയിലായിരുന്നു നിര്‍മ്മല്‍ ജീത് സിംഗ് പറന്നുകൊണ്ടിരുന്നത്. ഇതിനിടെ രണ്ട് പാക് വിമാനങ്ങളെ നിര്‍മ്മല്‍ ജീത് സിംഗ് വിജയകരമായി വെടിവെച്ചിട്ടു. പക്ഷെ അതിനുള്ളില്‍ നിര്‍മ്മല്‍ ജീത് സിംഗിന്റെ വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സൃഷ്ടിക്കാന്‍ പാക് വിമാനങ്ങള്‍ക്ക് സാധിച്ചു.
നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചുകൊണ്ടിരുന്നപ്പോള്‍ തന്റെ സീനിയറായിരുന്നു ബല്ദീര് സിംഗ് ഘുമനോട് ഈ വിവരം നിര്‍മ്മല്‍ ജീത് സിംഗ് പറഞ്ഞിരുന്നു. പാക് വിമാനങ്ങളെ ആക്രമിക്കാനും അദ്ദേഹം പറഞ്ഞു.
പാരച്ച്യൂട്ടുണ്ടായിരുന്നെങ്കിലും അവയ്ക്കും കേടുപാടുകള്‍ പറ്റിയിരുന്നു. 37 ബുള്ളറ്റുകളായിരുന്നു നിര്‍മ്മല്‍ ജീത് സിംഗിന്റെ വിമാനത്തില്‍ പതിച്ചത്. 26 വയസ്സുള്ളപ്പോഴായിരുന്നു അദ്ദേഹം വീരമൃത്യു വരിച്ചത്.
മരണ ശേഷം അദ്ദേഹത്തിന് നല്കിയ പരം വീര ചക്രം അദ്ദേഹത്തിന്റെ ഭാര്യയും അച്ഛനും ചേര്‍ന്നായിരുന്നു സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി പഞ്ചാബിലെ ലുധിയാനയിലെ ജില്ലാ കോടതിക്ക് മുന്‍പ് അദ്ദേഹത്തിന്റെയും അദ്ദേഹം ഓടിച്ച വിമാനത്തിന്റെയും പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post