രാജ്യത്ത് ചിലര്‍ സൈന്യത്തിന്റെ ശൗര്യത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ചിലര്‍ പാക്കിസ്ഥാനെ സഹായിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നുണ്ടെന്നും ഇവരോട് നമുക്കെങ്ങനെ ക്ഷമിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ അനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകത്തിലുള്ള എല്ലാ രാജ്യങ്ങളും പാക്കിസ്ഥാനെതിരെ സമ്മര്‍ദ്ദം ചെലുത്തുന്ന വേളയിലാണ് ഇന്ത്യയിലുള്ള ചിലര്‍ പാക്കിസ്ഥാനെ സഹായിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. ഇവരുടെ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ മറ്റ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
ലഖ്‌നൗവില്‍ ചിലര്‍ കശ്മീര്‍ സ്വദേശികളെ മര്‍ദ്ദിച്ചതിനെപ്പറ്റിയും മോദി സംസാരിച്ചു. കശ്മീരി സഹോദരങ്ങള്‍ക്കെതിരെ മര്‍ദ്ദനം നടത്തിയ ഭ്രാന്തന്മാരെ അവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടിയെടുത്തെന്ന് മോദി ചൂണ്ടിക്കാട്ടി.
പ്രധാന്‍ മന്ത്രി ആവാസ് യോജനയിലൂടെ നിര്‍മ്മിച്ച ഗൃഹങ്ങളുടെ താക്കോല്‍ ദാന ചടങ്ങും മോദി നിര്‍വ്വഹിച്ചു. കൂടാതെ സൗഭാഗ്യ യോജനയെപ്പറ്റി മോദി വിവരിച്ചു. 6,000 കോടി രൂപയുടെ പദ്ധതിയായ സൗഭാഗ്യ യോജനയിലൂടെ 15 ലക്ഷം ഗൃഹങ്ങള്‍ക്ക് വൈദ്യുതി ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2022ഓടെ എല്ലാ കുടുംബങ്ങള്‍ക്കും ഗൃഹങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന സര്‍ക്കാരുകളുടെ കാലം കഴിഞ്ഞെന്നും ഇപ്പോഴുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കി കാണിക്കുന്ന സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post