ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ വെല്ലുവിളിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് അംബരീഷിന്റെ ഭാര്യ സുമലത. അംബരീക്ഷിന്റെ ആരാധകര്‍ക്കു വേണ്ടിയും ജില്ലയിലെ ജനങ്ങള്‍ക്കു വേണ്ടിയുമാണ് മല്‍സരിക്കുന്നതെന്നും സുമലത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കന്നട സൂപ്പര്‍സ്റ്റാറുകളായ യാഷിനും ദര്‍ശനുമൊപ്പമാണ് സുമലത വാര്‍ത്താസമ്മേളനത്തിനെത്തിയത്.
എന്റെ മകനുവേണ്ടിയല്ല ഞാന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. അംബരീക്ഷിന്റെ മരണം എന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സംഭവമായിരുന്നു. മണ്ഡ്യയിലെ ജനങ്ങളാണ് ആ ഇരുട്ടില്‍നിന്ന് എന്നെ തിരിച്ചുകൊണ്ടുവന്നത്. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ 20ന് നാമനിര്‍ദേശപട്ടിക സമര്‍പ്പിക്കുമെന്നും സുമലത പറഞ്ഞു.

മണ്ഡ്യയില്‍ ജനതാദള്‍ എസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും ബിജെപി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. സുമലതയുടെ തീരുമാനത്തിനായിട്ടായിരുന്നു ഇത്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനാല്‍ സുമലത ബിജെപിക്കായി മല്‍സരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇവിടെ ബിജെപി സുമലതയ്ക്ക് പുറത്തുനിന്നു പിന്തുണ നല്‍കുമോയെന്നതിലും തീരുമാനമായിട്ടില്ല. മുതിര്‍ന്ന ബിജെപി നേതാവ് എസ്എം കൃഷ്ണയെ സുമലത കണ്ടിരുന്നു. അദ്ദേഹം പിന്തുണ ഉറപ്പ് നല്‍കിയെന്നാണ് സുമലതയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.
Discussion about this post