കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള വാക്പോരു മുറുകുന്നു . വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗത്തിന്റെ അന്തകന്‍ ആണെന്നും അദ്ദേഹം പിന്തുണച്ച സ്ഥാനാര്‍ഥികള്‍ എല്ലാവരും ആലപ്പുഴയില്‍ തോറ്റചരിത്രമാണുള്ളതെന്ന് സുധീരന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത് ഗുരു സന്ദേശങ്ങള്‍ക്ക് നേരെ വിപരീതമായിട്ടാണ് . എസ്.എന്‍.ഡി.പി ജനറല്‍ സെക്രടറി പദം വെള്ളാപ്പള്ളി ദുരുപയോഗം ചെയ്യുകയാണെന്നും സുധീരന് പറഞ്ഞു .
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം:
ഗുരുവിൻറെ ദർശനങ്ങളും ആദർശങ്ങളും പിന്തുടരുന്നതിനാലാണ് താൻ 22 വർഷമായി യോഗം ജനറൽ സെക്രട്ടറിയായി തുടരുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇക്കാലത്തെ ഏറ്റവും വലിയ തമാശയായിട്ടേ ആർക്കും കാണാനാകൂ. ശ്രീനാരായണ ഗുരുവിൻറെ ഏത് ദർശനങ്ങളാണ് താൻ പിന്തുടരുന്നതെന്ന് ജനങ്ങളോട് പറയാൻ വെള്ളാപ്പള്ളി തയ്യാറാകണം.
ഗുരു സന്ദേശങ്ങൾക്ക് നേരെ വിപരീതമായി മാത്രം പ്രവർത്തിച്ചുവരുന്ന വെള്ളാപ്പള്ളി ശ്രീനാരായണ ധർമ്മം പരിപാലിക്കുന്നതിനായി രൂപംകൊണ്ട മഹത്തായ എസ്എൻഡിപി യോഗത്തിന്റെ അന്തകൻ ആണ്.
യോഗം ജനറൽ സെക്രട്ടറിപദം സ്വാർത്ഥ ലക്ഷ്യങ്ങൾക്കും സ്വന്തം നേട്ടങ്ങൾക്കും വേണ്ടിയുള്ള രാഷ്ട്രീയ കച്ചവടങ്ങൾക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളി യഥാർഥത്തിൽ ശ്രീനാരായണ ദർശനങ്ങളെ ചവിട്ടി മെതിക്കുകയാണ്.
ശ്രീനാരായണഗുരുസ്വാമികൾ ഏതൊരു സന്ദേശമാണോ മാനവരാശിക്ക് നൽകിയത് അതിനെല്ലാം തീർത്തും എതിരായി മാത്രം പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി ഏറ്റവും വലിയ ഗുരു നിന്ദയാണ് നടത്തിവരുന്നത്.
തൻറെ പേരിലുള്ള സംസ്ഥാനത്തെ കേസുകളിൽ നിന്നും രക്ഷനേടാനായി സിപിഎം നേതൃത്വത്തിന് പാദസേവ ചെയ്യുകയും കേന്ദ്രസർക്കാരിൻ്റെ നടപടികളിൽ നിന്ന് രക്ഷനേടാൻ മകനെ ബിജെപിക്ക് വിട്ടുകൊടുക്കുകയും ചെയ്ത വെള്ളാപ്പള്ളിയെ പോലൊരു അവസരവാദിയെ കേരളം ഇന്നേവരെ കണ്ടിട്ടില്ല.
ആലപ്പുഴയിൽ സിപിഎം സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വെല്ലുവിളിച്ച വെള്ളാപ്പള്ളി അതൊരു രസത്തിന് വേണ്ടി പറഞ്ഞതാണെന്ന് മാറ്റി പറഞ്ഞ് പിന്നീട് തടിയൂരി സ്വയം പരിഹാസ്യനായി. താൻ പിന്തുണച്ച സ്ഥാനാർഥികളൊക്കെ പരാജയപ്പെട്ട ചരിത്രമാണ് ആലപ്പുഴയിലേത്. വൈകിവന്ന ആ തിരിച്ചറിവാണ് പതിവുപോലെ വാക്കുമാറ്റി പറയാൻ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചത്.
തരത്തിന് അനുസരിച്ച് നിലപാടും നിറവും മാറ്റുന്ന വെള്ളാപ്പള്ളിയെ ആശ്രയിക്കേണ്ടി വന്നത് സിപിഎം നേതൃത്വത്തിന്റെ ഗതികേടാണ് വ്യക്തമാക്കുന്നത്.
വെള്ളാപ്പള്ളിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് എല്ലാവർക്കും അറിയാം.
അതുകൊണ്ടുതന്നെ എനിക്ക് നേരെ അദ്ദേഹം നടത്തിയ പരാമർശത്തെ കേവലം അവസരവാദിയുടെ അധരവ്യായാമമായി കണക്കിലെടുത്ത് പൂർണമായി തള്ളിക്കളയുന്നു
Discussion about this post