എസ്എൻഡിപിയുടെ എല്ലാ പിന്തുണയും തനിക്കുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മത്സരിച്ചാൽ ഭാരവാഹിത്വം രാജി വയ്ക്കണോ എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെ പറയട്ടെ. തൃശ്ശൂരിൽ മത്സരിച്ചാൽ എന്തായാലും ജയിക്കും. മത്സരിക്കാൻ ബിഡിജെഎസിൽ നിന്നും എൻഡിഎയിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു. അതിനാലാണ് കളത്തിലിറങ്ങുന്നതെന്നും തുഷാർ വ്യക്തമാക്കി.
ഇനി വേറെ ഒരു മണ്ഡലത്തിലേക്കില്ല എന്നാണ് തുഷാർ വ്യക്തമാക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനിറങ്ങിയാലും വേറെ എവിടേക്കുമില്ല. തൃശ്ശൂരിൽത്തന്നെ മത്സരിച്ച് വിജയിക്കും – തുഷാർ പറഞ്ഞു.
വെള്ളാപ്പള്ളിയെ കാണാനെത്തിയ ശേഷം തുഷാർ ശിവഗിരി മഠവും സന്ദർശിച്ചിരുന്നു. വീട്ടിലെത്തിയ തുഷാറിനെ വെള്ളാപ്പള്ളി അനുഗ്രഹിച്ചു. വിജയിച്ച് വരൂ – എന്ന് വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശനും മകനെ ആശീർവദിച്ചു.
അതേസമയം, തുഷാർ മത്സരിക്കരുതെന്ന് പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നാണ് വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. നേരത്തേ എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിച്ചപ്പോൾ കെട്ടിവച്ച കാശ് പോയ അവസ്ഥയുണ്ടായിട്ടുണ്ട്. തുഷാർ അച്ചടക്കമുള്ള വൈസ് പ്രസിഡന്റാണ്. സംഘടനയ്ക്ക് വിധേയനായി തുഷാർ പ്രവർത്തിക്കും. തുഷാറിന്റെ സ്ഥാനാർത്ഥിത്വം അടുത്ത സംസ്ഥാനകൗൺസിലിൽ ചർച്ച ചെയ്യുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Discussion about this post