തൊഴിലാളികൾക്ക് 18,000 രൂപ മിനിമം വേതനം ഉറപ്പാക്കുമെന്ന് സി.പി.എം പ്രകടന പത്രികയിൽ വാഗ്ദാനം. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു മിനിമം വേതനം 18,000 രൂപയായി വർധിപ്പിക്കുകയെന്നത്.ബി.ജെ.പിയെ തകർക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക വ്യക്തമാക്കുന്നു. ആറായിരം രൂപ വാർധക്യകാല പെൻഷൻ ഉറപ്പാക്കും, എല്ലാ കുടുംബങ്ങൾക്കും പൊതുവിതരണ സംവിധാനം വഴി 35 കിലോ ഭക്ഷ്യധാന്യം, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് രണ്ട് രൂപ നിരക്കിൽ ഏഴ് കിലോ ഭക്ഷ്യധാന്യം, കാർഷികോൽപ്പന്നങ്ങൾക്ക് ഉൽപാദനത്തിൻെറ 50 ശതമാനം വില ഉറപ്പാക്കും എന്നിവയെല്ലാമാണ് പ്രകടന പത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ.
സ്വകാര്യ മേഖലയിലെ ജോലിക്കും വിദ്യഭ്യാസത്തിനും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ഉറപ്പാക്കും, സ്ത്രീ സംവരണ ബിൽ നടപ്പാക്കും എന്നി വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സിപിഎം പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ ഇവയാണ്.
- സമ്പൂർണ്ണ സൗജന്യ ആരോഗ്യപരിപാലനം നടപ്പാക്കും, സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ ഉപയോഗിച്ച് സൗജന്യ ആരോഗ്യരക്ഷ ഉറപ്പാക്കും. മൊത്തം ദേശീയവരുമാനത്തിന്‍റെ അഞ്ച് ശതമാനം ആരോഗ്യരക്ഷയ്ക്കായി മാറ്റിവയ്ക്കും.
- പാർലമെന്‍റിലും നിയമസഭകളിലും മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാനുള്ള നടപടികൾ സ്വീകരിക്കും.
- പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരും. സ്കൂൾ വിദ്യാഭ്യാസത്തിന്‍റെയും ഉന്നത വിദ്യാഭ്യാസത്തിന്‍റേയും മേന്മ വർദ്ധിപ്പിക്കും. ദേശീയ വരുമാനത്തിന്‍റെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവയ്ക്കും. വിദ്യാഭ്യാസമേഖലയിലെ വർഗ്ഗീയവൽക്കരണം തടയുകയും വിദ്യാഭ്യാസത്തിന്‍റെ ജനാധിപത്യ സ്വഭാവം ഉറപ്പാക്കുകയും ചെയ്യും.
- തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളും, തെഴിലെടുക്കാനുള്ള മൗലികാവകാശം സംരക്ഷിക്കും.
- 6000 രൂപയിൽ കുറയാത്ത വാർദ്ധക്യകാല പെൻഷൻ ഉറപ്പാക്കും.
- പൊതുമേഖലയിലേയും പ്രതിരോധ, ഊർജ്ജ, റയിൽവേ, അടിസ്ഥാന സേവന മേഖലകളിലെയും സ്വകാര്യവൽക്കരണം അവസാനിപ്പിക്കും.
- സ്വകാര്യമേഖലയിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് തൊഴിൽ സംവരണം ഉറപ്പാക്കും.
- ധനികരുടേയും കോർപ്പറേറ്റുകളുടേയും നികുതി ഉയർത്തും. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് നികത്തുംവിധം നികുതിസംവിധാനം പുതുക്കിപ്പണിയും.
- ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുംവിധം രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്കരിക്കും. ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കും.
- ഡിജിറ്റൽ മേഖലയുടെ വികാസം പൊതുമേഖലയുടെ വികാസമായി കണക്കാക്കി ഡിജിറ്റൽ നയം രൂപീകരിക്കും. പൗരന്മാരെ സർക്കാർ നിരീക്ഷിക്കുന്നതും അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും അവസാനിക്കും. ജനങ്ങളുടെ സ്വകാര്യവിവരങ്ങൾ കോർപ്പറേറ്റുകളുടെ കയ്യിലെത്താതെ സംരക്ഷിക്കും.
- ടെലികോം മേഖലയുടേയും ഇന്‍റർനെറ്റ് സേവന മേഖലയുടേയും കുത്തകവൽക്കരണം തടയും.
- 2018ലെ ട്രാൻസ്ജൻഡർ ബില്ലിലെ പോരായ്മകൾ പരിഹരിച്ച് ട്രാൻസ്ജൻഡറുകൾക്ക് തുല്യനീതി ഉറപ്പാക്കും. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് തൊഴിൽ സംവരണം നടപ്പാക്കും. LGBT വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയും.
Discussion about this post