ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന് സമാപനമാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് ടൈംസ് നൗവിഎംആര്‍ സര്‍വ്വേ. മാര്‍ച്ച് 22നും ഏപ്രില്‍ നാലിനുമിടയില്‍ 960 ഇടങ്ങളിലെ 14,301 വോട്ടര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്‍ഡിഎയ്ക്ക് 279 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.
എന്‍ഡിഎ 279 സീറ്റുകള്‍ നേടും.കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 149 സീറ്റുകളില്‍ ഒതുങ്ങും. മറ്റു രാഷ്ട്രീയകക്ഷികളെല്ലാം കൂടി 115 സീറ്റുകള്‍ സ്വന്തമാക്കുമെന്നും സര്‍വ്വേഫലം പറയുന്നു.
കേരളത്തില്‍ 17 സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് സര്‍വ്വേഫലം. എല്‍ഡിഎഫിന് രണ്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാനാവൂ. എന്‍ഡിഎ ഒരിടത്ത് വിജയം നേടുമെന്നും സര്‍വ്വേഫലം പറയുന്നു.
തമിഴ്നാട്, കേരളം, പഞ്ചാബ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സഖ്യത്തിനും കര്‍ണാടക, മഹാരാഷ്ട്ര,ഗുജറാത്ത്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ ബിജെപിക്കും മേല്‍ക്കൈ ഉണ്ടാവുമെന്നാണ് സര്‍വ്വേഫലം.
കേരളത്തില്‍ 46.97 ശതമാനമായിരിക്കും യുഡിഎഫിന്റെ വോട്ട് വിഹിതം. എല്‍ഡിഎഫ് 28.11 ശതമാനം വോട്ട് നേടും. എന്‍ഡിഎ വോട്ട് വിഹിതം 20.85 ശതമാനമാണ്. മറ്റുള്ളവര്‍ 4.07 ശതമാനം വോട്ട് നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.
കര്‍ണാടകത്തില്‍ ബിജെപി 16 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം 12 സീറ്റിലൊതുങ്ങും.
Discussion about this post