ന്യൂഡൽഹി : ഖാലിസ്ഥാൻ ഭീകരവാദികളിൽ നിന്നും ധനസഹായം കൈപ്പറ്റി എന്ന ആരോപണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഭീകരവിരുദ്ധ അന്വേഷണം വേണമെന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന. ഖാലിസ്ഥാൻ തീവ്രവാദി ഗുർപത്വന്ത് പന്നൂൻ സ്ഥാപിച്ച നിരോധിത സംഘടനയായ സിക്ക് ഫോർ ജസ്റ്റിസ് ഗ്രൂപ്പിൽ നിന്നും അരവിന്ദ് കെജ്രിവാളിന് ധനസഹായം ലഭിച്ചു എന്ന ആരോപണത്തെ തുടർന്നാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
ആം ആദ്മി പാർട്ടിയുടെ പേരിൽ അരവിന്ദ് കെജ്രിവാൾ ഖാലിസ്ഥാൻ ഗ്രൂപ്പിൽ നിന്നും 16 മില്യൺ ഡോളർ കൈപ്പറ്റിയെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ജയിലിൽ കഴിയുന്ന ഖാലിസ്ഥാൻ ഭീകരൻ ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാനും ഇന്ത്യയിൽ ഖാലിസ്ഥാൻ അനുകൂല വികാരം പ്രചരിപ്പിക്കാനും വേണ്ടിയായിരുന്നു സിഖ് ഫോർ ജസ്റ്റിസ് അരവിന്ദ് കെജ്രിവാളിനെ ഉപയോഗപ്പെടുത്തിയത് എന്നാണ് ആരോപണമുയർന്നിട്ടുള്ളത്. 1993 ഡൽഹി ബോംബ് സ്ഫോടന കേസിലെ പ്രതിയാണ് ദേവീന്ദർ പാൽ സിംഗ് ഭുള്ളർ. ഈ വിഷയത്തിൽ എൻഐഎ നേരിട്ട് അന്വേഷണം നടത്തണമെന്നാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ആവശ്യപ്പെടുന്നത്.
2014ൽ ന്യൂയോർക്കിലെ ഗുരുദ്വാര റിച്ച്മണ്ട് ഹിൽസിൽ വച്ച് അരവിന്ദ് കെജ്രിവാളും ഖാലിസ്ഥാൻ അനുകൂല ഭീകരവാദികളും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടത്തി എന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയ ധനസഹായം നൽകിയാൽ പകരമായി ദേവീന്ദർ പാൽ സിംഗിനെ മോചിപ്പിക്കാമെന്ന് കെജ്രിവാൾ ഭീകരർക്ക് വാഗ്ദാനം നൽകിയതായി ആരോപിക്കപ്പെടുന്നു. ആം ആദ്മി പാർട്ടിയുടെ മുൻപ്രവർത്തകനായിരുന്ന മുനീഷ് കുമാർ റൈസാദ അരവിന്ദ് കെജ്രിവാൾ ന്യൂയോർക്കിൽ വച്ച് ഖാലിസ്ഥാൻ ഭീകരരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ അടക്കം പങ്കുവെച്ചാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ദേവീന്ദർ പാൽ സിംഗ് ഭുള്ളറിന് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ നേരത്തെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
Discussion about this post