റിലീസ് ആകുന്നതിനു മുൻപ് തന്നെ മലയാള സിനിമയിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ നായകനാകുന്ന ‘മാർക്കോ’. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വില്പന നടത്തിയത് റെക്കോർഡ് തുകയ്ക്കാണ്. ഒരു മലയാള ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന തുകയാണ് മാർക്കോ സ്വന്തമാക്കിയത്. ക്യൂബ്സ് ഇന്റർനാഷണലും ഉണ്ണിമുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോയുടെ നിർമ്മാണവും വിതരണവും നിർവഹിക്കുന്നത്.
ഹിന്ദി സിനിമ രംഗത്തെ ഒരു മുൻനിര കമ്പനിയാണ് മാർക്കോയുടെ ഹിന്ദി ഡബ്ബിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ചു കോടി രൂപയും 50% തീയേറ്റർ ഷെയറും ആണ് മാർക്കോയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സിനായി കമ്പനി ചെലവഴിക്കുന്നത്. ഒരു മലയാള സിനിമയുടെ ഡബ്ബിങ് റൈറ്റ്സിനായി ഇതുവരെ ലഭിച്ചിട്ടുള്ള റെക്കോർഡ് തുകയാണിത്. ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ.
ഇന്ത്യൻ സംഗീത ലോകത്ത് ഇന്ന് ഏറെ ശ്രദ്ധേയനായ രവി ബസ്റൂർ ആണ് മാർക്കോയുടെ സംഗീതസംവിധാനം നിർവഹിക്കുന്നത്. കെജിഎഫ് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ സംഗീത സംവിധായകൻ ആണ് രവി ബസ്റൂർ. ആക്ഷന് വളരെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമായാണ് മാർക്കോ ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമ രംഗത്തെ തന്നെ ഏറ്റവും മികച്ച സ്റ്റണ്ട് മാസ്റ്റേഴ്സ് ആയ കലൈ കിംഗ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ് എന്നിവരാണ് മാർക്കോയുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.
Discussion about this post