ഡല്‍ഹി: മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രങ്ങളുടെ ഭരണത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന് സുപ്രിം കോടതിയ്ക്ക് മുന്നില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ ചോദ്യം ഏറെ നിര്‍ണായകമെന്ന് വിലയിരുത്തല്‍. അറ്റോര്‍ണിയുടെ വാദം ശരിയാണെന്ന നിലപാടാണ് പരമോന്നത കോടതി സ്വീകരിച്ചത് എന്നത് ഏറെ പ്രസക്തമാണെന്ന് നിയമരംഗത്തുള്ളവര്‍ പറയുന്നു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെടുത്തി, കേരളത്തില്‍ ക്ഷേത്ര ഭരണം നടത്തുന്നത് സര്‍ക്കാരിന് കീഴിലുള്ള ദേവസ്വം ബോര്‍ഡാണെന്ന് അറ്റോണി ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന ാവശ്യം നിയമത്തിനും സമൂഹത്തിനും മുന്നില്‍ നിലനില്‍ക്കെയാണ് സുപ്രിം കോടതി പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
മതസ്ഥാപനങ്ങളും ക്ഷേത്രവും സര്‍ക്കാര്‍ നിയന്ത്രിക്കുന്നതെന്തിനെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഒരു മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എത്രത്തോളമാകാമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ പരാമര്‍ശം ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള ഈ പരാമര്‍ശം ഉണ്ടായത്. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. എജി പക്ഷേ ചൂണ്ടിക്കാട്ടിയത് ശബരിമലക്ഷേത്ര ഭരണമായിരുന്നു.ശബരിമല ഭരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നിയമിക്കുന്നത് സര്‍ക്കാരാണെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിയമിക്കുന്ന ബോര്‍ഡുകളാണ് രാജ്യത്ത് പലയിടത്തും ക്ഷേത്രങ്ങള്‍ ഭരിക്കുന്നത്. എന്നും അദ്ദേഹം വാദിച്ചു.
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍നിന്ന് വിഗ്രഹങ്ങള്‍ മോഷണം പോകുന്നത് കോടതി ചൂണ്ടിക്കാട്ടി. ഇത് മതവികാരത്തിന്റെ വിഷയം മാത്രമല്ലെന്നും വിഗ്രഹങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
പുരി ക്ഷേത്രം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി രഞ്ജിത് കുമാര്‍ അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പലവിധത്തിലും പ്രയാസം നേരിടുന്നതായി ബെഞ്ച് പറഞ്ഞു. പാവപ്പെട്ടവരും നിരക്ഷരരുമാണ് പലപ്പോഴും പീഡിപ്പിക്കപ്പെടുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ക്ഷേത്ര ഭരണത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്ണ്യന്‍ സ്വാമി, ടിജി മോഹന്‍ദാസ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജികള്‍ കോടതിയ്ക്ക് മുന്നിലുണ്ട്. പുരി ക്ഷേത്രവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെയും കോടതിയുടെയും നിലപാട് ആ ഹര്‍ജിയിലും നിര്‍ണായകമാണ്. കേരളത്തില്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും, ക്ഷേത്രങ്ങള്‍ നശിപ്പിക്കാനാണ് ദൈവവിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ നയിക്കുന്ന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ദേവസ്വം ക്ഷേത്രങ്ങളില്‍ മതപഠനം നടത്തണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം മാറ്റിയിരുന്നു. ഹിന്ദു നവോത്ഥാനത്തിനും ക്ഷേമത്തിനുമായി ക്ഷേത്ര വരുമാനം ഉപയോഗിക്കണമെന്ന ആവശ്യം വിവിധ ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയിരുന്നു.
Discussion about this post