യു.എ.ഇ. ഇന്ത്യയ്ക്ക് കൈമാറിയ ജെയ്ഷെ ഭീകരന് നിസാര്‍ അഹമ്മദ് താന്ത്രെയ്ക്ക് ഫെബ്രുവരി 14-ലെ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ മുദസ്സിര്‍ ഖാന് ആക്രമണത്തെക്കുറിച്ച് നിസാര്‍ അഹമ്മദുമായി സംസാരിച്ചെന്നും ഇയാളോട് ആക്രമണത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെത്തിച്ച നിസാര്‍ അഹമ്മദിനെ വിശദമായി ചോദ്യംചെയ്തപ്പോളാണ് പുല്‍വാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിച്ചത്. സാമൂഹികമാധ്യമത്തിലൂടെയാണ് മുദസ്സിര്‍ ഖാന് നിസാര്‍ അഹമ്മദുമായി ബന്ധപ്പെട്ടത്.
ഫെബ്രുവരി പകുതിയോടെ പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് മുദസ്സിര്‍ ഖാന് നിസാര്‍ അഹമ്മദിനെ അറിയിച്ചിരുന്നു. ഇതിനായി സഹായം നല്‍കണമെന്നും നേരത്തെ കശ്മീര്‍ താഴ്വരയില് ജെയ്ഷെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിരുന്ന നിസാര്‍ അഹമ്മദിനോട് ആവശ്യപ്പെട്ടിരുന്നു.
ലെത്പോറയിലെ സി.ആര്.പി.എഫ്. ക്യാമ്പിന് നേരെ 2017 ഡിസംബറില്‍ നടന്ന ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനാണ് നിസാര്‍ അഹമ്മദ് താന്ത്രെ.
Discussion about this post