ന്യൂഡൽഹി: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ. ഒഡീഷയിലെ കഠാക്കിൽ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യശേഷം പാകിസ്താനോട് പ്രദേശം വിട്ട് പോകാൻ ഇന്ത്യ നിർബന്ധിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് അധീന കശ്മീർ ഇന്ത്യയുടെ പുറത്തല്ല. പ്രദേശം ഇന്ത്യയുടെ ഭാഗം തന്നെയാണ്. പ്രധാനമേഖലയാണ്. ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രമേയമുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം പാക് അധീന കശ്മീരിൽ നിന്നും ഒഴിയാൻ പൗരന്മാരോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ തുടർ നീക്കങ്ങൾ എന്തെല്ലാമാണെന്ന ചോദ്യത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചിലർ നമ്മളെ മനപ്പൂർവ്വം മറക്കാൻ പ്രേരിപ്പിച്ചതാണ്. പാക് അധീന കശ്മീർ നമ്മളിൽ നിന്നും മോഷ്ടിച്ചതാണ്. മോഷണ വസ്തുക്കളുടെ ഉടമകൾ ഒരിക്കലും മോഷ്ടാക്കൾ ആയിരിക്കില്ലെന്നും ജയ്ശങ്കർ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പാക് അധീന കശ്മീർ ഇന്ത്യയുടേത് ആണെന്ന് വ്യക്തമാക്കിയിരുന്നു. പാക് അധീന കശ്മീർ ആരിൽ നിന്നും നമുക്ക് പിടിച്ചെടുക്കേണ്ട ആവശ്യം ഇല്ല. ഇന്ത്യയുടെ തന്നെ ഭാഗമാണ് പാക് അധീന കശ്മീർ. പ്രദേശം ഇന്ത്യയുടെ ഭാഗമായി തന്നെ തുടരും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post