തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഡ്രൈവർ യദു നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയ്ക്കുമെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക. സംഭവത്തിന് പിന്നാലെ യദു നൽകിയ ഹർജിയിൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് യദു കോടതിയെ സമീപിച്ചത്.
ആര്യയ്ക്കും സച്ചിൻ ദേവിനും പുറമേ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും കേസ് എടുക്കണം എന്നാണ് ഹർജിയിലെ ആവശ്യം. കഴിഞ്ഞ ദിവസം സമാന സ്വഭാവമുള്ള ഹർജിയിൽ കേസ് എടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം സർക്കാർ ഇന്ന് കോടതിയെ അറിയിക്കും. നിലവിൽ കേസ് എടുത്തിരിക്കുന്നതിനാൽ ഹർജി തള്ളാനാണ് സാദ്ധ്യത. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്.
അതേ സമയം ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ബസ് നിർത്തിയിട്ടിരുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് വിശദമായി പോലീസ് പരിശോധിക്കുകയാണ്. മറ്റ് രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post