മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെയും വിമര്‍ശിച്ച മഹാരാഷ്ട്ര എം.എല്‍.എ രാജ് പുരോഹിതിനോട് ബി.ജെ.പി വിശദീകരണം ആവശ്യപ്പെട്ടു.നരേന്ദ്ര മോദിയെയും അമിത്ഷായെയും രാജ് പുരോഹിത് വിമര്‍ശിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം വിവാദമായത്. പുരോഹിതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ ബി.ജെ.പി മൂന്ന് ദിവസത്തിനം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പുറത്തുവന്ന ദൃശ്യത്തിലെ ശബ്ദം തന്റേതല്ലെന്നും ശബ്ദം മോര്‍ഫ് ചെയ്തതാണെന്നും വ്യക്തമാക്കി പുരോഹിത് ശനിയാഴ്ച രംഗത്തുവരുകയുണ്ടായി. മോദിയും ഷായും താന്‍ ഏറ്റവും ബഹുമാനിക്കുന്ന നേതാക്കളാണ്. രാജ് താക്കറെ ഒരു മാതൃകാ നേതാവാണെന്നും പുരോഹിത് മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. വീഡിയോ ദൃശ്യം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടിയ്ക്കുള്ളില്‍ ജനാധിപത്യമില്ലെന്നും മോദിയുടെയും അമിത് ഷായുടേയും ആധിപത്യമാണ് നടക്കുന്നതെന്നും പുരോഹിത് ആരോപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മോദിയുടെ നയങ്ങള്‍ മികച്ചതാണെന്നും എന്നാല്‍ ചില തീരുമാനങ്ങള്‍ കച്ചവടക്കാരെ പോലുള്ള ചില വിഭാഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റുകയാണെന്നും രഹസ്യമായി പകര്‍ത്തിയ വീഡിയോയില്‍ പുരോഹിത് കുറ്റപ്പെടുത്തുന്നു. മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് താക്കറെയ്ക്കെതിരെയും പുരോഹിത് തുറന്നടിക്കുന്നുണ്ട്. രാജ് താക്കറെ ഒരു വ്യാജ നേതാവാണ്. വര്‍ഗീയവാദിയാണ്. ഒരു പ്രാദേശികതല നേതാവാകാന്‍ പോലും അയാള്‍ക്ക് യോഗ്യതയില്ലെന്നുമായിരുന്നു പുരോഹിതിന്റെ പ്രസ്താവന. ദൃശ്യങ്ങള്‍ വെള്ളിയാഴ്ച ദേശീയ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതോടെ സംസ്ഥാന ബി.ജെ.പി ഘടകം പ്രതിസന്ധിയിലാകുകയായിരുന്നു.
Discussion about this post