തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നേടിയ നിയമോപദേശം വിവാദത്തിലായി. ബാറുടമകള്‍ക്കുവേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകനില്‍ നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിയമോപദേശം തേടിയത്. സംസ്ഥാന സര്‍ക്കാരിന്റ മദ്യനയത്തെ ചോദ്യം ചെയ്ത ബാറുടമകള്‍ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ നാഗേശ്വരറാവുവില്‍ നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയത്. മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയാണ് നാഗേശ്വര റാവു.
ക്ലാസിഫൈഡ് ഹോട്ടല്‍സ് അസോസിയേഷനുവേണ്ടിയാണ് നാഗേശ്വര റാവു സുപ്രീം കോടതിയില്‍ ഹാജരായത്. ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായി നിയമോപദേശം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ നാഗേശ്വര റാവുവില്‍ നിന്ന് നിയമോപദേശം തേടിയത്. നാഗേശ്വര റാവു നല്‍കിയ നിയമോപദേശത്തെ തുടര്‍ന്ന് മന്ത്രി കെ.എം. മാണി അടക്കമുള്ള കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. അന്വേഷണം അവസാനിപ്പിക്കാനും വിജിലന്‍സ് തീരുമാനിച്ചു.
നാഗേശ്വറാവുവില്‍ നിന്ന് നിയമോപദേശം തേടിയതില്‍ അപാകതയുണ്ടെന്നും, ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പറഞ്ഞിരുന്നു.
Discussion about this post