ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ അവസാനദിവസമായ ഇന്നലെ തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞു.മണ്ഡലത്തിലെ പരാജയഭീതിയാണ് ആക്രമണത്തിന് പിന്നിലെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.
തെരഞ്ഞടുപ്പ് സ്വതന്ത്രമായി നടക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു. തലസ്ഥാനത്ത് ക്രോസ് വോട്ടിംഗ് നടക്കില്ല. ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ക്രോസ് വോട്ടിംഗ് ഈ സാഹചര്യത്തില്‍ ആത്മഹത്യാപരമാണെന്നും കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുന്നണികള്‍ ക്രോസ് വോട്ടിംഗിന് തയ്യാറാവുമെന്ന് കരുതുന്നില്ലെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.
കലാശക്കൊട്ടിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ വ്യാപക സംഘര്‍ഷം ഉടലെടുത്തിരുന്നു. എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരായ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ ജയസാധ്യതയുള്ള അപൂര്‍വ്വം മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കളെത്തിയ മണ്ഡലത്തില്‍ അവസാന ദിവസങ്ങളില്‍ വാശിയേറിയ പ്രചരണമാണ് നടന്നത്.
Discussion about this post