പ്രതിപക്ഷ നിരയിലും തനിക്ക് നിരവധി സുഹൃത്തുക്കള്‍ ഉള്ളതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി തനിക്ക് മധുരപലഹാരവും കുര്‍ത്തയും അയച്ച് തരാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു . നടന് അക്ഷയ്കുമാറുമായിട്ടുള്ള അഭിമുഖത്തിലാണ് രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദങ്ങളെക്കുറിച്ച് മോദി വാചാലനായത്.
‘ പ്രതിപക്ഷനിരയില്‍ എനിക്ക് അനവധി സുഹൃത്തുക്കളുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രി അല്ലാതിരുന്ന സമയത്ത് ചില കാര്യങ്ങള്‍ക്കായി പാര്‍ലിമെന്റില്‍ പോകുകയുണ്ടായി. അന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി സൗഹൃദ സംഭാഷണം നടത്തുകയുണ്ടായി. അന്ന് പുറത്തേക്ക് വരുമ്പോള്‍ മാധ്യമങ്ങള്‍ എന്നോട് ചോദിച്ചു , ഒരു ആര്.എസ്.എസ് പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് എങ്ങനെ ആസാദിനെ പോലെയുള്ള സുഹൃത്തുക്കളായി സൗഹൃദം പങ്കിടാന്‍ സാധിക്കുന്നുവെന്ന് . അന്ന് അതിനുള്ള മറുപടി നല്‍കിയത് ഗുലാം നബി ആയിരുന്നു. നിങ്ങള്‍ പുറത്ത് നിന്നും ചിന്തിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ , വ്യത്യസ്തമായ സംഘടനകളില്‍ നിന്നുമുള്ളവര്‍ ഒരു കുടുംബം പോലെ ഈഴയടുപ്പമുള്ളവര് ആകുന്നത് നിങ്ങളുടെ ചിന്തകള്‍ക്കും അപ്പുറമാണ് ‘
‘ മമത ഇപ്പോഴും വര്‍ഷത്തില്‍ ഒന്നോ രണ്ടോ കുര്‍ത്തകള്‍ അയച്ചുതരും , അതിനായി അവര്‍ തന്നെ തെരഞ്ഞെടുത്ത കുര്‍ത്തയാണ് അയച്ചു തരുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന വര്‍ഷത്തില്‍ മൂന്ന് നാല് തവണകളായി മധുരപലഹാരം അയച്ച് തരാറുണ്ട്. ഇക്കാര്യം മമത അറിഞ്ഞത് മുതല്‍ അവരും മധുരപലഹാരം അയച്ചു തുടങ്ങി ‘
രാഷ്ട്രീയ രംഗത്ത് മോദിയെ ശക്തമായി എതിര്‍ക്കുന്ന കൂട്ടത്തിലുള്ള പ്രമുഖയാണ് മമത ബാനര്‍ജി. കഴിഞ്ഞ ദിവസങ്ങളില്‍ പോലും മോദിയ്ക്കെതിരെ മമത രംഗത്ത് വന്നിരുന്നു. ഇതിനെല്ലാം ഇടയിലാണ് എല്ലാവരെയും അമ്പരിപ്പിച്ച് മമതയുമായിട്ടുള്ള സൗഹൃദം മോദി തുറന്ന് പറഞ്ഞിരിക്കുന്നത്.
Discussion about this post