ജെയ്ഷ് ഇ മുഹമ്മദിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്ന കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ സുരക്ഷാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. കശ്മീരിലെ പുല്‍വാമ സ്വദേശികളായ തന്‍വീര്‍(29), ബില്ലാല്‍ മിര്‍(23) എന്നിവരാണ് അറസ്റ്റിലായത്. ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയിലെ ഉന്നതരുമായി ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നതിന് വേണ്ടി ആളുകളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക എന്നതായിരുന്നു അറസ്റ്റിലായവരുടെ പ്രധാന ദൗത്യം.
ഇരുവരേയും ജമ്മുവിലെ കോട്ട് ഭല്‍വാല്ഡ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയിലും ഹാജരാക്കിയിരുന്നു. സമാന കേസുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റിലായ സജ്ജാദ് അഹമ്മദ് ഇവരുമായി വാട്‌സ് ആപ്പിലൂടെ നിരന്തരം സമ്പര്‍ക്കം നടത്തിയിരുന്നതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Discussion about this post