മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനം ഉടൻ ആരംഭിക്കും .
പദ്ധതിപ്രദേശത്ത് പ്രവേശിക്കാൻ വനംവകുപ്പ് അനുമതി നൽകിയതോടെയാണ് പഠനം ആരംഭിക്കാൻ ഏജൻസിക്ക് ജല വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നിർദിഷ്ട സ്ഥലത്ത് പ്രവേശിച്ച് പഠനം നടത്തുന്നതിന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയത്.
പുതിയ അണക്കെട്ട് നിർമ്മിക്കേണ്ടത് പെരിയാർ കടുവാ സങ്കേതത്തിന്‍റെ പരിധിയിൽ ആയതിനാൽ പഠനം തുടങ്ങാൻ സംസ്ഥാന വനം വകുപ്പിന് കീഴിലുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി കൂടി ആവശ്യമായിരുന്നു.
ഒരു വർഷത്തെ നാല് സീസണുകളായി തിരിച്ചാണ് ഏജൻസി പഠനം നടത്തുക. പുതിയ ഡാം വരുന്നത് ഓരോ സീസണിലും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നതും പഠനത്തിന് വിധേയമാക്കും. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനമുണ്ടാവുക.
കരാർ ഏജൻസിയായ ഹൈദരാബാദിലെ പ്രഗതി ലാബാണ് പഠനം നടത്തുക. പുതിയ അണക്കെട്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജലവിഭവ വകുപ്പിന് കീഴിലെ ഐഡിആര്‍ബി വിഭാഗമാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് പരിസ്ഥിതി ആഘാത പഠനം നടത്താൻ കേരളത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചത്.
Discussion about this post