കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ ആസൂത്രിത പദ്ധതികളുമായി ഭീകരര്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.കേരളത്തിൽ സ്ഫോടനം നടത്താനുള്ള ചാവേറുകളാകാൻ കൂടുതൽപ്പേർ താത്പര്യം പ്രകടിപ്പിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)യുടെ റിപ്പോർട്ടിൽ പറയുന്നത്.
കാസർകോടുനിന്ന് സിറിയയിലേക്ക് കടന്ന മലയാളിയുടെ നേതൃത്വത്തിൽ കൂടുതൽ മലയാളികളെ ഭീകരസംഘടനയായ ഐ.എസിൽ ചേർക്കാൻ ശ്രമങ്ങൾ തുടരുന്നതായും എൻ.ഐ.എ.യുടെ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ തൃശ്ശൂർ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി അടക്കമുള്ള സ്ഥലങ്ങളുമാണ് ഭീകരരുടെ പട്ടികയിൽ ആദ്യസ്ഥാനങ്ങളിലുള്ളതെന്നാണ് സൂചനകൾ.
ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കേരളത്തിൽ സ്‌ഫോടനപരമ്പരകൾക്കുള്ള ആഹ്വാനം നടക്കുന്നതെന്നാണ് സൂചന. റാഷിദ് അബ്ദുല്ലയുടെ ശബ്ദസന്ദേശമാണ് പാലക്കാട് നിന്നും അറസ്റ്റിലായ റിയാസ് അടക്കമുള്ളവരെ ഭീകരവാദത്തിലേക്ക് കൂടുതൽ അടുപ്പിച്ചതെന്നും എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.
ഐ.എസിന്റെ ലക്ഷ്യത്തെപ്പറ്റി വിശദീകരിച്ച് അതിൽ ചേരാനാണ് റാഷിദിന്റെ ശബ്ദസന്ദേശത്തിലെ ആദ്യത്തെ ആഹ്വാനം. സംഘടനയിൽ കയറാൻ സാധിക്കാത്തവർ സാമ്പത്തിക പിന്തുണ നൽകാനെങ്കിലും തയ്യാറാകണം.
കാസർകോടുനിന്ന് സിറിയയിലേക്ക് കടന്ന ഫിറോസ് ഖാന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഐ.എസ്. റിക്രൂട്ട്‌മെന്റ് ശ്രമങ്ങൾ തുടരുന്നതെന്നാണ് എൻ.ഐ.എ. പറയുന്നത്. സിറിയയിൽനിന്നുവരുന്ന ഫിറോസിന്റെ സന്ദേശങ്ങളെല്ലാം ഐ.എസിൽ ചേരാൻ ആഹ്വാനം ചെയ്യുന്നവയാണ്. ഫിറോസിനെ പിടികൂടാനായാൽ കേസിൽ നിർണായകമായ പല വിവരങ്ങളും ശേഖരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ.
Discussion about this post