മുസ്ലിം സ്ത്രികളുടെ സ്വത്തവകാശം സംബന്ധിച്ച ശരീഅത്ത് നിയമം ഭരണഘടനാ വിരുദ്ധമെന്ന കാണിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഇടപെടാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
മുസ്ലിം സ്ത്രീകളുടെ സ്വത്തവാകാശം സംബന്ധിച്ച ഷരീ അത്ത് നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ശരീഅത്ത് നിയമത്തിലെ പല വസ്തുതകളും വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ഇതിനെതിരെ മുസ്ലിംലീഗ് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളനുസരിച്ച് മുസ്ലിം വ്യക്തിനിയമം പിന്തുടരാന് അവകാശമുണ്ടെന്നും ഭരണഘടനാവിരുദ്ധമാണെന്ന വാദം തെറ്റാണെന്നും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
നിലവിലെ ശരീഅത്ത് നിയമമനുസരിച്ച് മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശം വിവേചനപരമായ രീതിയിലാണ് നടപ്പാക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഖുര്‍ആന്‍ പറയുന്നത് മരണപ്പെട്ട വ്യക്തിയുടെ സ്വത്തുക്കള്‍ ‘മക്കളില്ലെങ്കില്‍’ മാത്രമാണ് അയാളുടെ സഹോദരങ്ങള്‍ക്കു ലഭിക്കൂവെന്നാണ്. എന്നാല്‍, വ്യക്തിനിയമം അതിനെ ‘ആണ്‍കുട്ടി ഇല്ലെങ്കില്‍’ എന്ന രീതിയിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പെണ്‍കുട്ടികളോടുള്ള വിവേചനം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 19, 21, 25 എന്നിവയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി അടക്കമുള്ളവര്‍ ഹരജി നല്‍കിയത്.
ഹര്‍ജിയില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും കക്ഷി ചേര്‍ന്നിരുന്നു
Discussion about this post