ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍, പരാജയത്തിന്റെ പേരില്‍ പിസിസി പ്രസിഡന്റിന്റെ കസേരയ്ക്കായി മുറവിളി ഉയര്‍ന്നപ്പോള്‍ ‘എന്നെ തീര്‍ക്കണമെങ്കില്‍ വെടിവച്ചുകൊന്നേക്കൂ’ എന്ന് സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വര്‍ പറഞ്ഞു.
ഹരിയാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ത്തത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി സംസ്ഥാന നേതൃത്വം മാറണമെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ അനുയായികളായ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഹരിയാനയിലെ 10 ലോക്സഭാ സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.
മുകള്‍തട്ടു മുതല്‍ താഴേത്തട്ടു വരെ സംഘടനാപരമായ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഗുലാംനബി ആസാദ് പ്രഖ്യാപിച്ചതോടെയാണ് യോഗം പ്രക്ഷുബ്ധമായത്. ചൂടേറിയ വാക്കുതര്‍ക്കത്തിനൊടുവില്‍ ‘നിങ്ങള്‍ക്ക് എന്നെ മാറ്റി നിര്‍ത്തണമെങ്കില്‍ എന്നെ വെടിവെക്കൂ’ എന്നുപറഞ്ഞ് അശോക് തന്‍വാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post