ഇന്ത്യയെ 2024-ഓടെ അഞ്ചുലക്ഷംകോടി ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളി നിറഞ്ഞതാണെങ്കിലും രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനാകും- രാഷ്ട്രപതി ഭവനിൽ ശനിയാഴ്ച നീതി ആയോഗ് ഭരണസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങൾ തങ്ങൾക്കു മികവുള്ള മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) വർധിപ്പിക്കാൻ ജില്ലാതലം മുതൽ ശ്രമിക്കുകയും ചെയ്താൽ ഇതു സാധ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയായിരുന്നു പൊതുതിരഞ്ഞെടുപ്പ്. ഇനി രാജ്യത്തിന്റെ വികസനത്തിനുവേണ്ടി എല്ലാവരും പ്രവർത്തിക്കേണ്ട സമയമാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വരൾച്ച, വെള്ളപ്പൊക്കം, മലിനീകരണം, അഴിമതി, അക്രമം എന്നിവയ്ക്കെതിരേ യോജിച്ച പോരാട്ടമുണ്ടാകണം. 2022-ഓടെ പുതിയ ഇന്ത്യ എന്ന ലക്ഷ്യം എല്ലാവർക്കുമുണ്ടാകണം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരിക്കുന്ന വരൾച്ച നേരിടാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. ‘ഓരോ തുള്ളി, കൂടുതൽ വിള’ തന്ത്രം പ്രാത്സാഹിപ്പിക്കപ്പെടണം. 2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കാർഷികരംഗത്ത് ഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പാക്കണം. കാർഷികരംഗത്ത് കോർപ്പറേറ്റ് നിക്ഷേപം പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യസംസ്കരണ മേഖലയുടെ വളർച്ച ത്വരപ്പെടുത്തണം. കയറ്റുമതി പ്രോത്സാഹിപ്പിക്കണം- പ്രധാനമന്ത്രി നിർദേശിച്ചു.
യോഗത്തിൽ മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്. ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിമാരായ മമതാ ബാനർജി, കെ. ചന്ദ്രശേഖർ റാവു, ക്യാപ്റ്റൻ അമരീന്ദർ സിങ് എന്നിവർ യോഗത്തിനെത്തിയില്ല. സാമ്പത്തിക അധികാരമില്ലാത്ത നീതി ആയോഗിന്റെ യോഗത്തിൽ പങ്കെടുക്കുന്നത് നിഷ്ഫലമാണെന്നു പറഞ്ഞാണ് മമത യോഗം ബഹിഷ്കരിച്ചത്.
Discussion about this post