റേഷൻ കാർഡ് ഉടമകൾക്കു രാജ്യത്തെ ഏതു റേഷൻ കടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാനാകുന്ന പദ്ധതിയുമായി കേന്ദ്രം.പദ്ധതി കേരളത്തിലും നടപ്പിലാക്കും.ഇതിനായി കേന്ദ്രത്തിന്റെ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (ഐഎംപിഡിഎസ്) നടപ്പാക്കാൻ സംസ്ഥാനത്ത് ഒരുക്കം തുടങ്ങി.
പദ്ധതി ഈ വർഷം ആരംഭിക്കാനാണു കേന്ദ്ര തീരുമാനം. സംസ്ഥാനത്ത് ഏതു റേഷൻ കടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാനാകുന്ന പോർട്ടബിലിറ്റി സംവിധാനം രാജ്യമാകെ വ്യാപിപ്പിക്കും.
തൊഴിൽ തേടി ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്നവരുടെ ഭക്ഷ്യധാന്യങ്ങൾ റേഷൻ കട ഉടമകൾ കൈക്കലാക്കുന്നതു പതിവാണ്. തൊഴിൽ ചെയ്യുന്ന സംസ്ഥാനത്ത് ഇവർക്കു റേഷൻ ലഭിക്കുന്നുമില്ല. ഈ പ്രശ്നത്തിനും പുതിയ സംവിധാനം പരിഹാരമാകും. കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് റേഷൻകടകളിൽനിന്നു ധാന്യങ്ങൾ ലഭിച്ചുതുടങ്ങുന്നതോടെ, റേഷൻ കടകളും കൂടുതൽ സജീവമാകും.
സംസ്ഥാനാതിർത്തികളിൽ 2 സംസ്ഥാനത്തും റേഷൻ കാർഡ് ഉള്ളവരുണ്ട്. ഐഎംപിഡിഎസ് നടപ്പായാൽ ഒരു റേഷൻ കടയിൽ നിന്നു ധാന്യങ്ങൾ വാങ്ങുന്നവർക്കു രാജ്യത്തെ മറ്റൊരിടത്തു നിന്നും റേഷൻ സാധനം ലഭിക്കില്ല. രണ്ടാമത്തെ കാർഡ് സ്വാഭാവികമായി റദ്ദാകും.
Discussion about this post