മുംബൈ സിറ്റി എഫ്സി ഇന്ത്യൻ ക്ലബ് ഫുട്ബോൾ രാജാക്കന്മാർ. നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാനെ തകർത്താണ് മുംബൈ ഐഎസ്എൽ ജേതാക്കളായത്. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുംബൈ സിറ്റി മോഹൻബഗാനെ തോൽപ്പിച്ചത്.
ഫസ്റ്റ് ഹാഫിൽ മോഹൻബഗാൻ ഒരു ഗോളിന് മുന്നിൽ നിന്നെങ്കിലും രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ സ്വന്തമാക്കി മുംബൈ ഫൈനൽ പോരാട്ടം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. 44 ആം മിനിറ്റിൽ ജേസൻ കമിംഗ്സിലൂടെ മോഹൻബഗാൻ ലീഡ് നേടി.
53 ആം മിനിറ്റിൽ മുംബൈ ഒരു ഗോൾ മടക്കി. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് സ്ട്രൈക്കർ ഹൊർഹെ പെരേര ഡയസ് മുംബൈയെ ഒപ്പമെത്തിച്ചു. 81 ആം മിനിറ്റിൽ കൊൽക്കത്ത വമ്പൻമാർക്ക് കനത്ത തിരിച്ചടി സമ്മാനിച്ച് ബിപിൻ സിംഗ് മുംബൈയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചു. സ്‌കോർ 2-1.
കളി തീരാൻ സെക്കന്റുകൾ മാത്രം അവശേഷിക്കേ, ഇഞ്ചുറി ടൈമിന്റെ അവസാനം മുംബൈ സിറ്റിയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ ജാക്കൂബ് വൊയ്റ്റസ് നേടി. ഇത് രണ്ടാം തവണയാണ് മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ജേതാക്കളാകുന്നത്. ഇതിന് മുമ്പ് 2020-21 സീസണിലായിരുന്നു അവരുടെ വിജയം.
Discussion about this post