തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്. ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനെയും കൂടാതെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ആണ് കേസെടുത്തത്.
ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവർക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ ബൈജു നോയലിന്റെ പൊതുതാത്പര്യ ഹര്‍ജിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ആയിരുന്നു നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ഹർജി.
അതേസമയം, മേയറും സംഘവും കെഎസ്ആർടിസി ബസ് തടഞ്ഞ വിവാദ സംഭവത്തിൽ ഡ്രൈവർ യദു നല്‍കിയ പരാതി ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി.












