പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ അനുഭവം തുറന്ന് പറഞ്ഞ് ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് വ്യോമസേനാ പൈലറ്റുമാര്‍. അതീവരഹസ്യമായി കുടുംബത്തോട് പോലുമറിയിക്കാതെയാണ് പാക്കിസ്ഥാനെതിരെയുള്ള ദൗത്യത്തില്‍ പങ്കെടുത്തത് എന്നും 90 സെക്കന്റിനുള്ളില്‍ ആക്രമണം അവസാനിപ്പിച്ച് തങ്ങള്‍ പാക് അതിര്‍ത്തി കടന്നതായും ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കുന്നു. സുരക്ഷാകാരണങ്ങളാല്‍ ഇവരുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടട്ടില്ല.
ഫെബ്രുവരി 14 ന് കശ്മീര്‍ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഭീകരാക്രമണത്തിന് പകരമായി ഫെബ്രുവരി 26 നാണ് വ്യോമസേനയുടെ രണ്ട് മിറാഷ് 2000 വിമാനങ്ങള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കയറി ബോംബ് ആക്രമണം നടത്തിയത്.
പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പകരമൊരു പ്രത്യാക്രമണം നടക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നു . എന്നാല്‍ ഏത് രീതിയിലാണ് പ്രത്യാക്രമണം നടക്കുക എന്നത് സംബന്ധിച്ച യാതൊരു ധാരണയും ആര്‍ക്കുമില്ലായിരുന്നു. ഇതിനോടകം പ്രത്യാക്രമണം സംബന്ധിച്ച ഊഹാപോഹങ്ങളും പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ചിലയിടത്ത് പ്രത്യാക്രമണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും കേട്ടു. എന്നാല്‍ ഫെബ്രുവരി 25 ന് നാലുമണിയോടെ മിറാഷ് വിമാനങ്ങളില്‍ സ്പൈസ് 2000 ബോംബ് ലോഡ് ചെയ്തു. എവിടെയാണ് ആക്രമണം നടത്തേണ്ടത് എന്ന കാര്യവും മിസ്സൈലില്‍ രേഖപ്പെടുത്തി. സഹപ്രവര്‍ത്തകര്‍ പോലും ആക്രമണത്തിന് തയ്യാര്‍ എടുക്കുന്നത് അറിയാതിരിക്കുന്നതിനായി മേലുദ്യോഗസ്ഥര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തിയിരുന്നു.
രണ്ടര മണിക്കൂറോളം സമയമെടുത്താണ് മുഴുവന്‍ പദ്ധതിയും പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ളതിനാല്‍ എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞത് പോലെ തോന്നി. ഇത്തരമൊരു ദൗത്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ വളരെയധികം ടെന്‍ഷന്‍ അനുഭവിച്ചു. മിഷന് ഇറങ്ങുന്നതിന് മുന്‍പ് താന്‍ നിരവധി സിഗരറ്റ് വലിച്ചു കൂട്ടിയതായി ഒരു സ്ക്വാഡ് ലീഡര്‍ വ്യക്തമാക്കി.
ആക്രമണത്തിന് ഇടയില്‍ പാക്കിസ്ഥാന്റെ പ്രത്യാക്രമണമുണ്ടാകുമോ എന്നായിരുന്നു എല്ലാവരിലും ആശങ്ക. തങ്ങളോടു പാക്കിസ്ഥാന്‍ റഡാറില്‍ പെടരുതെന്ന് പ്രത്യേക നിര്‍ദ്ദേശം ലഭിച്ചിരുന്നു. ആക്രമണത്തിന് മുന്‍പ് തങ്ങള്‍ക്ക് നേരെ ഒരു പാക്കിസ്ഥാന്‍ പോര്‍വിമാനം വരുന്നുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഉടന്‍ തന്നെ ബോംബുകള്‍ വര്‍ഷിച്ച് തങ്ങള്‍ മടങ്ങുകയായിരുന്നു.
ജയ്ഷെ ഭീകര കേന്ദ്രത്തില്‍ വര്‍ഷിച്ചത് ഇസ്രായേലില്‍ നിന്നും വാങ്ങിയ സ്പൈസ് 2000 ബോംബുകള്‍ ആയിരുന്നു. ‘ ഫയര്‍ ആണ്ട് ഫൊര്‍ഗറ്റ്’വിഭാഗത്തില്‍പ്പെടുന്ന ആയുധമാണ് ഇത്. ഒരിക്കല്‍ വിക്ഷേപിച്ചാല്‍ ലക്ഷ്യസ്ഥാനത്ത് കൃത്യമായി ഇടിച്ചിറങ്ങി സ്ഫോടനം നടത്താന്‍ ശേഷിയുള്ള ഡിസൈനാണ് ബോംബിനുള്ളത്. അത് കൊണ്ട് തന്നെ ജയ്ഷെ കേന്ദ്രത്തില്‍ കനത്ത നാശം ബോംബ് വിതച്ചു എന്നത് ഉറപ്പാണ്. നിയന്ത്രണ രേഖയില്‍ നിന്നും ഏതാണ്ട് 8 കിലോമീറ്റര്‍ അകത്തേക്ക് കടന്നാണ് ആക്രമണം നടത്തി തിരികെ എത്തിയത്.
പിറ്റേന്ന് ആക്രമണത്തിന്റെ വാര്‍ത്ത പത്രങ്ങളില്‍ കണ്ടപ്പോള്‍ ഭാര്യ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. ആക്രമണത്തില്‍ പങ്കെടുത്തവരില്‍ താനുമുണ്ടായിരുന്നോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. എന്നാല്‍ താന്‍ ഒന്നും മിണ്ടാതെ സുഖമായി ഉറങ്ങിയെന്നും പൈലറ്റ് വ്യക്തമാക്കുന്നു.
Discussion about this post