സ്വര്‍ണ്ണ കള്ളക്കടത്തിനെക്കുറിച്ച് ഖത്തര്‍ പോലീസില്‍ വിവരം നല്‍കിയതിന് കൊടുവള്ളി നഗരസഭാ കൌണ്‍സിലറെ കൊടി സുനി ഭീഷണിപ്പെടുത്തിയതായി പരാതി. ഖത്തറില്‍ ജ്വല്ലറി ഉടമ കൂടിയായ ലീഗ് കൗണ്‍സിലര്‍ കോഴിശ്ശേരി മജീദാണ് പരാതിക്കാരന്.
കൊടുവള്ളി നഗരസഭയിലെ 24ആം വാര്‍ഡ് കൌണ്‍സിലറാണ് മജീദ്. തന്റെ കുടുബത്തെയും കൊടിസുനി ഭീഷണിപ്പെടുത്തിയതായും ഇത് സംബന്ധിച്ച പരാതി ഇന്ത്യന്‍ എംബസിയ്ക്ക് നല്‍കുമെന്നും മജീദ് പറഞ്ഞു. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും മജീദ് പുറത്ത് വിട്ടിട്ടുണ്ട്.
‘ ഈ മേഖലയില്‍ കുറെക്കാലമായി കളിക്കുന്നതാണ് , നമുക്ക് കാണേണ്ടി വരും ‘ എന്നാണ് ഫോണില്‍ വിളിച്ച് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു. നാട്ടില്‍ വന്നാല്‍ വെച്ചേക്കില്ലെന്നും കുടുംബത്തിന് നാട്ടില്‍ നില്ക്കാന് കഴിയില്ലെന്നും കൊടിസുനി ഭീഷണിപ്പെടുത്തിയാതായും അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ നിന്നും വിദേശികള്‍ക്ക് പോലീസിന്റെ അനുമതി പത്രമില്ലാതെ സ്വര്‍ണ്ണം വാങ്ങാനും വില്‍ക്കാനും സാധിക്കില്ല . നിയമപരമല്ലാത്ത സ്വര്‍ണ്ണം വില്ക്കാന് സഹായിക്കാത്തതിനും ഇത് സംബന്ധിച്ച വിവരം പോലീസിനെ അറിയിച്ചതിനുമാണ് കൊടിസുനി തന്നെ ഭീഷണിപ്പെടുത്തിയത് എന്നാണ് മജീദ് പറയുന്നത് .
Discussion about this post