വാഷിംഗ്‌ടൺ: പാക് വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് വ്യക്തമാക്കി അമേരിക്ക. മുംബൈ ഭീകരാക്രമണ കേസിൽ പങ്കുള്ളതിനാൽ ഇന്ത്യ തേടുന്ന ഭീകരനാണ് തഹാവൂർ റാണ. മുംബൈ ഭീകരാക്രമണം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ ചിക്കാഗോയിലെ എഫ്ബിഐ റാണയെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയ്‌ക്ക് അതിനുള്ള എല്ലാ അവകാശവും ഉണ്ടെന്നും ഉടൻ തന്നെ റാണയെ ഇന്ത്യക്ക് കൈമാറുമെന്നും അസിസ്റ്റന്റ് യുഎസ് അറ്റോർണിയും ക്രിമിനൽ അപ്പീൽ മേധാവിയുമായ ബ്രാം ആൽഡനാണ് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച അമേരിക്കൻ കീഴ് കോടതികളുടെ ഉത്തരവ് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
റാണയും സുഹൃത്തായ ഡേവിഡ് കോൾമാൻ ഹെഡ്ലിയും ചേർന്ന് ആക്രമണം നടത്താൻ മുംബൈയിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ശിക്ഷ പൂർത്തിയാക്കി ജയിൽ മോചനത്തിന് ഒരുങ്ങുന്ന വേളയിലാണ് റാണയെ ഇന്ത്യയ്‌ക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിനെതിരെ റാണ അമേരിക്കൻ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, കുറ്റവാളികളെ കൈമാറാനുള്ള നിയമത്തിന്റെ പരിധിയിൽ വരുന്നത് കൊണ്ട് റാണയെ ആവശ്യപ്പെടാൻ ഇന്ത്യക്ക് പൂർണ്ണമായും അവകാശമുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു.
Discussion about this post