സഭാതര്‍ക്ക കേസില്‍ സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ആന്റണി ജോണ്‍ എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കട്ടച്ചിറ, വാരിക്കോലി പള്ളികൾ നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് കോടതി ചോദിച്ചു. കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കിയിരുന്നു.
സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭയും രംഗത്തെത്തിയിരുന്നു
Discussion about this post