നെടുങ്കണ്ടം ഉരുട്ടിക്കൊലയ്ക്കു നേതൃത്വം കൊടുത്ത രണ്ടു പൊലീസുകാർ ഒളിവിൽ. ഡ്രൈവർ നിയാസ്, എഎസ്ഐ റെജിമോൻ എന്നിവരെക്കുറിച്ച് വിവരമില്ല. മറ്റു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു പിന്നാലെയാണ് ഇരുവരും ഒളിവിൽ പോയത്. മരിച്ച കുമാറിനെ കൂടുതൽ ഉപദ്രവിച്ചത് നിയാസാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം, ഉരുട്ടിക്കൊലക്കേസിൽ അന്വേഷണം വരുമ്പോൾ കുടുങ്ങാതിരിക്കാൻ മുൻ എസ്പി തയാറെടുത്തിരുന്നതായും വിവരം. ഗൺമാന്റെ ഫോണിൽനിന്നാണ് പ്രതികളുമായി ബന്ധപ്പെട്ടത്. കുമാറിനെ കൈകാര്യം ചെയ്യാൻ നിർദേശിച്ചതും ഈ ഫോണിലൂടെയാണ്. എസ്ഐയേയും ഡിവൈഎസ്പിയേയും വേണുഗോപാൽ തുടർച്ചയായി വിളിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, കുമാറിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ഗുരുതര പിഴവുകളുണ്ടെന്ന വിവരം പുറത്തുവന്നു. പരുക്കുകളുടെ പഴക്കം കണ്ടെത്തിയില്ല എന്ന് മാത്രമല്ല ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കുമയച്ചില്ല. കസ്റ്റഡിമര്‍ദനത്തിന് ജയില്‍ ഉദ്യോഗസ്ഥരോ നാട്ടുകാരോ പ്രതിക്കൂട്ടിലാകുന്ന സ്ഥിതിയിലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് അതിക്രമക്കേസുകളില്‍ ഡോക്ടര്‍മാരുടെ സംഘം വേണം പോസ്റ്റുമോര്‍ട്ടം നടത്താനെന്ന നിര്‍ദേശവും അട്ടിമറിച്ചു.
ചതവുകളും തൊലിപ്പുറത്തെ പോറലുകളും അടക്കം ആകെ 22 പരുക്കുകളാണ് രാജ്കുമാറിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അക്കമിട്ട് പറയുന്നുണ്ട്. എന്നാല്‍ ഒന്നിന്റെ പോലും പഴക്കം പറയുന്നില്ല, സൂചനകള്‍ പോലുമില്ല. ആദ്യം നാട്ടുകാര്‍ പിടികൂടി, പൊലീസില്‍ ഏല്‍പിച്ച്, പിന്നെ നാലാംദിവസം ജയിലില്‍ അയച്ച്, അവിടെ പാര്‍പ്പിച്ച് അഞ്ചാംദിവസം മരിച്ച പ്രതിയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം ടേബിളില്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ പരുക്കുകളുടെ ഓരോന്നിന്റെയും പഴക്കം സുപ്രധാനമാണ്. അല്ലാത്തപക്ഷം മരണത്തിന് മുന്‍പ് 24 മണിക്കൂറിനുള്ളിലാണ് പരുക്കെല്ലാം പറ്റിയത് എന്നാണ് നിയമപ്രകാരം അനുമാനിക്കേണ്ടത്. അങ്ങനെ വന്നാല്‍ അവസാന അഞ്ചുദിവസം രാജ്കുമാറിനെ പാര്‍പ്പിച്ച പീരുമേട് ജയിലിലെ ഉദ്യോഗസ്ഥരാകും പ്രതിക്കൂട്ടിലാകുക.
ന്യുമോണിയ മരണകാരണമായെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ കടുത്ത മര്‍ദനം ഏറ്റിട്ടുണ്ടെന്നും കൃത്യമായി പറയുന്നു. അപ്പോള്‍ ഇവ തമ്മിലെ ബന്ധം അറിയാന്‍, മരണ കാരണമാകുമെന്ന് സംശയാതീതമായി തെളിയിക്കാന്‍ ന്യൂമോണിയയുടെ തോത് അറിയാന്‍ ശ്വാസകോശത്തിന്റെ സാംപിള്‍ പരിശോധന ആവശ്യമായിരുന്നു. ഇതേ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തന്നെ വൃക്കകള്‍ക്ക് വീക്കമുണ്ടായി അസാധാരണ വലുപ്പത്തിലാണ് കാണപ്പെട്ടത്. ശാസ്ത്രീയ പരിശോധനക്ക് അയച്ചിരുന്നെങ്കിൽ കുടിവെള്ളം പോലും നല്‍കാതെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതിന്റെ സുപ്രധാന തെളിവായി ഇതൊരുപക്ഷേ മാറിയേനേ.
അതേസമയം കസ്റ്റഡി മരണക്കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്.
Discussion about this post