ഇന്ത്യന്‍ കരസേനയിലെ ഒരു മേജര്‍ ജനറലിനെ അമേഠി ജില്ലയിലെ കോര്‍വയില്‍ നിര്‍മ്മാണത്തിലിരിയ്ക്കുന്ന ആയുധ നിര്‍മ്മാണശാലയുടെ സി ഇ ഒ ആയി നിയമിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മേജര്‍ ജനറല്‍ സഞ്ജീവ് സെങ്ഗാര്‍ ആണ് നാലു വര്‍ഷത്തേക്കായി കൊര്‍വ ആയുധനിര്‍മ്മാണശാലയുടെ സി ഇ ഒ ആയി നിയമിതനാകുന്നത്.
എ കെ 47 പോലെയുള്ള അന്റന്‍ കലഷ്‌നിക്കോവ് യന്ത്രത്തോക്കുകള്‍ നിര്‍മ്മിയ്ക്കുന്ന ഇന്ത്യ റഷ്യ സംയുക്ത ആയുധനിര്‍മ്മാണശാലയുടെ തലപ്പത്തേക്ക് സര്‍വീസിലിരിയ്ക്കുന്ന ഒരു മേജര്‍ ജനറല്‍ തന്നെ എത്തുന്നത് അപൂര്‍വമായ ഒരു നീക്കമാണെന്ന് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ സുപ്രധാന തീരുമാനങ്ങളിലൊന്നാണിത് എന്നാണ് വിലയിരുത്തല്‍
ആയുധനിര്‍മ്മാണഫാക്ടറികളില്‍ നിന്ന് പുറത്തുവരുന്ന ആയുധങ്ങളുടെ കാര്യക്ഷമതയിലും ഗുണനിലവാരത്തിലും കരസേന അത്ര തൃപ്തരല്ലായിരുന്നു എന്ന് പല റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. കലഷ്‌നിക്കോവ് എ കെ 203 എന്ന പുതിയ ഇന്ത്യ റഷ്യ സംയുക്ത നിര്‍മ്മാണത്തിലുള്ള യന്ത്രത്തോക്ക് ഏറ്റവും മികച്ച ഗുണനിലവാരത്തില്‍ത്തന്നെ നിര്‍മ്മിയ്ക്കണമെന്ന് കേന്ദ്രം തീരുമാനിയ്ക്കുകയായിരുന്നു.
സുരക്ഷാ സേനകളില്‍ നിന്നുതന്നെ അതിന്റെ നിയന്ത്രണമുണ്ടാകുന്നത് നന്നായിരിയ്ക്കുമെന്ന കരസേനാമേധാവിയുടെ നിര്‍ദ്ദേശമനുസ്സരിച്ചാണ് ആ ചുമതല മേജര്‍ ജനറല്‍ സഞ്ജീവ് സെങ്ഗാറിനെ ഏല്‍പ്പിച്ചതെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. ഓഡിനന്‍സ് ഫാക്ടറി ബോര്‍ഡിന്റേയും കലഷ്‌നിക്കോവ് കണ്‍സേണ്‍ കമ്പനിയുടെയും സംയുക്ത സംരംഭമാണ് അമേഠിയിലെ ഇന്തോ റഷ്യ റൈഫിള്‍സ് കമ്പനി. ഏഴുലക്ഷത്തി അന്‍പതിനായിരം എ കെ 203 തോക്കുകള്‍ സേനകള്‍ക്കായി നിര്‍മ്മിയ്ക്കാനാണ് ആദ്യഘട്ട പദ്ധതി.
എ കെ 203 നോടൊപ്പം അമേരിക്കയിലെ സിഗ് സോയര്‍ കമ്പനിയുടെ സിഗ് 716 യന്ത്രത്തോക്കുകളും ഇന്ത്യന്‍ സേനയ്ക്ക് വേണ്ടി വാങ്ങാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. അതുകൂടിയാകുന്നതോടെ യുദ്ധമുന്നണിയിലുള്ള ഇന്ത്യന്‍ സുരക്ഷാസൈനികര്‍ക്ക് ഏറ്റവും മികച്ച ആയുധങ്ങള്‍ തന്നെയാകും ലഭിയ്ക്കുകയെന്ന് പ്രതിരോധകേന്ദ്രങ്ങള്‍ അഭിപ്രായപ്പെട്ടു.
Discussion about this post