മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജ് ഗവർണറാകാൻ സാദ്ധ്യത. ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ഗവർണർമാരുടെ കാലാവധി പൂർത്തിയാവാനിരിക്കെ പുതിയ ഗവർണർമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. കാലാവധി പൂർത്തിയാവുന്ന ഗവർണർമാരിൽ ചിലർ തുടരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം പരിഗണിക്കുന്നതും മോദിയും അമിത് ഷായും ചേർന്നുള്ള പാർട്ടി നേതൃത്വത്തിന്റെ താത്പര്യവും കൂടി പരിഗണിച്ചായിരിക്കുമെന്നാണ് സൂചന.
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുഷമാ സ്വരാജ് മത്സരിച്ചിരുന്നില്ല. കേരള ഗവര്‍ണര്‍ സ്ഥാനത്തേക്ക് സുഷമ സ്വരാജിന്റെ പേര് പരിഗണിക്കാനുള്ള സാധ്യതയും തള്ളികളയാനാവില്ല. നിലവിലെ കേരള ഗവര്‍ണര്‍ പി.സദാശിവത്തിന്റെ കാലാവധി ആഗസ്ത് 31നു അവസാനിക്കും.
മുൻ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനാണ് പരിഗണിക്കപ്പെടുന്ന മറ്റൊരംഗം. 75 വയസ് കഴിഞ്ഞതിനാലാണ് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുമിത്രയ്ക്ക് സീറ്റ് നൽകാതിരുന്നത്. കേന്ദ്ര മന്ത്രിമാരായിരുന്ന ഉമാഭാരതി, കൽരാജ് മിശ്ര, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരായിരുന്ന ശാന്തകുമാർ, പ്രേംകുമാർ ധുമൽ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.
യു.പി ഗവർണർ രാം നായിക്കിന്റെ കാലാവധി ഈ മാസം 24നും ഗുജറാത്ത് ഗവർണർ ഓംപ്രകാശ് കോഹ്‌ലിയുടെ കാലാവധി 16നും പശ്ചിമബംഗാൾ ഗവർണർ കേസരിനാഥ് ത്രിപാഠിയുടെ കാലാവധി 24നും ത്രിപുര ഗവർണർ കപ്താൻസിംഗ് സോളങ്കിയുടെ കാലാവധി 27നും പൂർത്തിയാവുകയാണ്. ആന്ധ്രയിലെയും തെലങ്കാനയിലേയും ഗവർണറായ ഇ.എസ്.എൽ നരസിംഹന്റെ കാലാവധി കഴിഞ്ഞ ജൂൺ 2 പൂർത്തിയായി. കേരള ഗവർണർ പി.സദാശിവത്തിന്റെ കാലാവധി ആഗസ്ത് 31നും കർണാടക ഗവർണർ വാജുഭായി വാലയുടെ കാലാവധി സെപ്തംബർ ഒന്നിനും രാജസ്ഥാൻ ഗവർണർ കല്യാൺസിംഗിന്റെ കാലാവധി സെപ്തംബർ നാലിനും മഹാരാഷ്ട്ര ഗവർണർ സി.വിദ്യാസാഗർ റാവുവിന്റെ കാലാവധി ആഗസ്ത് 30നും പൂർത്തിയാവും. ഈ സംസ്ഥാനങ്ങളിലേക്കാണ് പുതിയ ഗവർണർമാരെ പരിഗണിക്കുന്നത്.
Discussion about this post