ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ വിക്ഷേപണം മാറ്റിവച്ചതായി ഇസ്രോ അറിയിച്ചു. വിക്ഷേപണത്തിനു കേവലം അന്പത്തിയാറു മിനിട്ടുമുന്പ് ഒരു ചെറിയ സാങ്കേതികപ്രശ്നമുണ്ടായി. വിക്ഷേപണത്തിനു നിശ്ചയിച്ചിരിയ്ക്കുന്ന സമയത്തിനകം അത് പരിഹരിയ്ക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതിനാല്‍ വിക്ഷേപണം ഇന്നിനിയുണ്ടാവില്ല എന്ന് ഐ എസ് ആര് ഓ വൃത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞ് അന്‍പത്തിയൊന്ന് മിനിറ്റിലാണ് ചന്ദ്രയാന്‍-2 അതിന്റെ യാത്ര ആരംഭിയ്ക്കാന്‍ നിശ്ചയിച്ചിരുന്നത്.
പക്ഷേ സാങ്കേതിക തകരാര്‍ പരിഹരിയ്ക്കാതെ വിക്ഷേപണം നടത്തുന്നത് അപകടസാദ്ധ്യതയുള്ളതിനാല്‍ ഏറ്റവും ഉചിതമായത് ചന്ദ്രയാന്‍-2 മാറ്റിവയ്ക്കുന്നതാണെന്ന് ഐ എസ് ആര് ഓ തീരുമാനിയ്ക്കുകയായിരുന്നു. ഇനിയെന്നാണ് വിക്ഷേപണമെന്ന് പിന്നീടറിയിയ്ക്കുമെന്ന് ഐ എസ് ആര് ഓ ട്വിറ്ററിലൂടെ അറിയിച്ചു.
ചന്ദ്രയാന്‍ -2 ന്റെ അന്‍പത്തിനാലു ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയുടെ തുടക്കം കാണാനായി ഐ എസ് ആര് ഓയിലെ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതികവിദഗ്ധര്ക്കുമൊപ്പം രാഷ്ട്രം മുഴുവന്‍ ഉറക്കമില്ലാതെ കാത്തിരിയ്ക്കുകയായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിക്ഷേപണം കാണാനായി ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു.
3.8 ടണ്‍ ഭാരമാണ് ചന്ദ്രയാന്‍-2നുള്ളത്. ചന്ദ്രനെ വലയം വയ്ക്കുന്ന ഒരു ഓര്‍ബിറ്ററും, വിക്രം എന്ന ലാന്‍ഡറും, പ്രജ്ഞാന് എന്ന റോവറും ആണ് ഇതിലെ പ്രധാന ഭാഗങ്ങള്‍. ഇന്ത്യന്‍ ശൂന്യാകാശപദ്ധതിയുടെ അമരക്കാരനായിരുന്ന വിക്രം സാരാഭായിയുടെ ഓര്‍മ്മയ്ക്കായാണ് ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡറിനു വിക്രം എന്ന് പേരു കൊടുത്തത്. പ്രജ്ഞാന് എന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിയ്ക്കാനുള്ള വാഹനമായ റോവറില്‍ സ്റ്റീരിയോസ്കോപിക് 3ഡി വിഷന്‍ ക്യാമറ ഉള്‍പ്പെടെ ചന്ദ്രനെപ്പറ്റി പഠിയ്ക്കാന്‍ ഏറ്റവും ആധുനികമായ സൗകര്യങ്ങളാണുള്ളത്. വിക്ഷേപണത്തിനു മുന്‍പ് തന്നെ സാങ്കേതിക പ്രശ്നം കണ്ടെത്തിയ ഇസ്രോയിലെ വിദഗ്ധര്‍ക്ക് സാമൂഹ്യമാദ്ധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ നിറയുകയാണ്.
Discussion about this post