കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജ് അതിക്രമത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. എസ് എഫ് ഐ പിരിച്ചു വിടണമെന്നും അതിപ്പോൾ ‘സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ്’ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ബിജെപി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ പഠിക്കുന്ന കാലത്ത് എസ് എഫ് ഐ എന്നാൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നായിരുന്നു. എന്നാൽ ഇന്ന് അത് സ്റ്റുപ്പിഡ് ഫെഡറേഷൻ ഓഫ് ഇഡിയറ്റ്സ് ആയി മാറിയിരിക്കുകയാണ്. യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പിരിച്ചുവിട്ടുവെന്നാണ് സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പറയുന്നത്. എന്നാൽ എല്ലാ കലാലയങ്ങളിലും കണ്ണൂർ മോഡൽ പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന എസ് എഫ് ഐയെ സംസ്ഥാന വ്യാപകമായി പിരിച്ചുവിടണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കിയിരുന്നു. മുൻഎംഎൽഎയും എംപിയുമായിരുന്നു അബ്ദുള്ളക്കുട്ടി തുടർന്ന് ബിജെപിയിൽ ചേരുകയായിരുന്നു.
Discussion about this post