ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ മുൻ ഇടുക്കി എസ് പിക്കെതിര പിടിയിലായ എസ് ഐ സാബുവിന്റെ വെളിപ്പെടുത്തൽ. എസ്പി കെ ബി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്നും ചോദ്യം ചെയ്തതെന്നും എസ്ഐ സാബു പറഞ്ഞു. ഡിവൈഎസ്പിക്കും അറസ്റ്റിനെക്കുറിച്ച് അറിയാമായിരുന്നെന്നും ഇയാൾ പറഞ്ഞു. തൊടുപുഴ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് എസ്ഐ സാബുവിന്റെ വെളിപ്പെടുത്തൽ.
ഇതോടെ കൊലപാതകത്തിൽ ഉന്നതോദ്യോഗസ്ഥരുടെ പങ്ക് കൂടുതൽ വെളിപ്പെടുകയാണ്. കേസില്‍ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ നേരത്തെ ഭീകരവിരുദ്ധ സ്ക്വാഡിലേക്ക് മാറ്റിയിരുന്നു. ഇത് ഇയാളെ സംരക്ഷിക്കാനാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇടുക്കി എസ്പിയ്ക്ക് അനുകൂലമായി സിപിഎമ്മിലെ ഒരു പ്രബല വിഭാഗം രംഗത്ത് വന്നിരുന്നു. മന്ത്രി എം എം മണി അടക്കം ഇയാളെ ന്യായീകരിക്കുന്ന വാദങ്ങൾ നിരത്തിയിരുന്നു. കേസിലെ പ്രധാന വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ ഇക്കൂട്ടർ പ്രതിരോധത്തിലായിരിക്കുകയാണ്.
Discussion about this post