ന്യൂഡൽഹി: അതിവേഗത്തിൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ച് നമോ ഭാരത് ട്രെയിനുകൾ. സർവ്വീസ് ആരംഭിച്ച് ചുരുങ്ങിയ മാസങ്ങൾ പിന്നിടുമ്പോൾ ഒരു ദശലക്ഷം ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്തത്. ഇതോടെ മേഖലയിൽ മറ്റൊരു നാഴികക്കല്ല് കൂടിയാണ് ഇന്ത്യൻ റെയിൽവേ പിന്നിടുന്നത്.
റീജിയണൽ റാപ്പിഡ് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിൽ നിന്നുള്ള കണക്കുകളാണ് ഇത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് രാജ്യത്ത് നമോഭാരത് ട്രെയിൻ സർവ്വീസുകൾ ആരംഭിച്ചത്. കേവലം ആറ് മാസം പിന്നിടുമ്പോഴാണ് റെയിൽവേയ്ക്ക് നിർണായക നേട്ടം. വരും ദിവസങ്ങളിലും യാത്രികരുടെ എണ്ണം വർദ്ധിക്കും. വേഗതയും ലഭ്യതയും ആണ് നമോ ഭാരത് ട്രെയിൻ സർവ്വീസ് അതിവേഗത്തിൽ പ്രിയങ്കരമാകാൻ കാരണം എന്നാണ് വിവരം.
ഒക്ടോബർ 20നായിരുന്നു രാജ്യത്ത് ആദ്യ റാപ്പിഡ് എസ്‌ക്‌സ്പ്രസ് ട്രെയിനായ നമോ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സാഹിബാബാദിൽ നിന്നും മോദിനഗർ നോർത്തിലേക്കാണ് നിലവിൽ ട്രെയിൻ സർവ്വീസുകൾ ഉള്ളത്. ബാക്കി നഗരങ്ങളെ ബന്ധിപ്പിച്ച് സർവ്വീസ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ട്.
സാഹിബാബാദിനും മോദിനഗർ നോർത്തിനും ഇടയിലുള്ള 34 കിലോ മീറ്റർ ദൂരമാണ് ട്രെയിൻ സർവ്വീസ്. ഇവയ്ക്കിടയിൽ എട്ട് സ്റ്റേഷനുകൾ ഉണ്ട്. ഡൽഹിയിൽ നിന്നും മീററ്റിലേക്കുള്ള 82 കിലോമീറ്റർ ദൈർഘ്യമുള്ള റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം കോറിഡോർ 2025 ജൂണിൽ പൂർത്തിയാകും.
Discussion about this post