ന്യൂഡൽഹി: ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് ലോകത്തിന് തന്നെ ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് ഹിന്ദു സംസ്‌കാരത്തിന് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്കണോമിക് അഡൈ്വസറി കൗൺസിലിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഹിന്ദു ജനസംഖ്യയിൽ 7.81 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നു എന്നത് രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന മഹത്തരമായ പാരമ്പര്യമുള്ള സംസ്‌കാരമാണ് ഹിന്ദുക്കളുടേത്. ലോകത്തിന്റെ സന്തുലിതാവസ്ഥ തന്നെ ഹിന്ദു മതത്തെ അടിസ്ഥാനമാക്കിയാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഹിന്ദു ജനസംഖ്യ എങ്ങനെ വർദ്ധിപ്പിക്കും എന്നാണ് ലോകം ഇന്ന് ചിന്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ 43 ശതമാനം വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില ആരോപണങ്ങൾ തെറ്റാണെന്ന് ഇത് തെളിയിക്കുന്നു. ഇനി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ അർദ്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്കണോമിക് അഡൈ്വസറി കൗൺസിൽ അംഗങ്ങളായ ഡോ. ഷാമിക രവി, എബ്രഹാം ജോസ്, അപൂർവ്വ് മിശ്ര തുടങ്ങിയവർ ചേർന്നാണ് പഠനം നടത്തിയിരിക്കുന്നത്. 1950 മുതൽ 2015 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇവർ പഠനം നടത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും ഹിന്ദു ജനസംഖ്യയിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
Discussion about this post