തന്റെ ഗ്രാമീണവേഷവുമണിഞ്ഞ് ഉറച്ച കാല്‍വയ്പ്പുകളോടെ പാര്‍വതി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് മന്ദിരത്തിന്റെ അകത്തളങ്ങളിലൂടെ നടന്നപ്പോള്‍ ഒട്ടും പതര്‍ച്ചയുണ്ടായിരുന്നില്ല. ആദ്യമായി ഡല്‍ഹിയിലെത്തിയതിന്റേയും സാധാരണക്കാര്‍ക്ക് സന്ദര്‍ശിക്കാനാവാത്ത പാര്‍ലമെന്റ് മന്ദിരത്തിന്റെ അകത്തളങ്ങളില്‍ കയറുന്നതിന്റേയും സങ്കോചവുമുണ്ടായിരുന്നില്ല.കാരണം അവര്‍ അമേഠിയിലെ വനിതാ ഗ്രാമപ്രധാന്‍ ആണ്. അവരെ പാര്‍ലമെന്റിനകത്ത് കൊണ്ടുനടന്ന് എല്ലായിടവും കാട്ടിക്കൊടുക്കുന്നത് അവരുടെ പാര്‍ലമെന്റംഗവുമാണ്.
ജയിച്ചുപോയാല്‍ പാര്‍ലമെന്റിലേക്ക് തിരിഞ്ഞുനോക്കാത്ത എം പിമാരെപ്പോലെയല്ല സ്മൃതി ഇറാനി എന്ന് ഒരിക്കല്‍കൂടി വ്യക്തമാവുകയാണ് ഈ സംഭവത്തിലൂടെ. മണ്ഡലത്തിലെ ഓരോരുത്തരുമായും നേരിട്ട് ബന്ധം പുലര്‍ത്തുന്ന എംപിയാണ് സ്മൃതി ഇറാനി. തന്റെ മണ്ഡലത്തിലെ ഏല്ലാ മേഖലയില്‍ നിന്നുമുള്ളവരെ എല്ലാ രീതിയിലും കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായാണ് സ്മൃതി ഇറാനി പാര്‍വതിയെ പാര്‍ലമെന്റിലേക്ക് ക്ഷണിച്ചത്. വളരെ കഷ്ടപ്പെട്ട നിലയില്‍ നിന്ന് ഗ്രാമപ്രധാനായി ഉയര്‍ന്നുവന്ന പാര്‍വതിയെ സ്മൃതി ഇറാനി പാര്‍ലമെന്റ് സന്ദര്‍ശിയ്ക്കാന്‍ ക്ഷണിയ്ക്കുകയായിരുന്നു.
സ്മൃതി ഇറാനിയോടോപ്പം ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരം ചുറ്റിനടന്ന് കാണാന്‍ സാധിച്ചതില്‍ തനിയ്ക്ക് വലിയ സന്തോഷമുണ്ടെന്ന് പാര്‍വതി മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് പാര്‍വതിയെ പാര്‍ലമെന്റിലേക്ക് ക്ഷണിച്ചതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലാനാകുമെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മനോഹാരിതയെന്നും ഒരു ഗ്രാമപ്രധാനേക്കാള്‍ വലുതായി ജനാധിപത്യത്തില്‍ ഒന്നുമില്ലെന്നുമാണ് സ്മൃതി ഇറാനി മറുപടി പറഞ്ഞത്.
2014ല്‍ താന്‍ പരാജയപ്പെട്ട തിരഞ്ഞെടുപ്പിനു ശേഷവും അമേഠിയില്‍ സാധാരണക്കാരുടെ ഇടയില്‍ മികച്ച ജനസേവന പ്രവര്‍ത്തനമാണ് സ്മൃതി ഇറാനി കാഴ്ചവെച്ചത്. മണ്ഡലത്തിനെ കുടുംബസ്വത്തായിക്കൊണ്ടു നടന്നവരെ അട്ടിമറിച്ചു വിജയം കൈവരിക്കാന്‍ സ്മൃതി ഇറാനിക്കു സാധിച്ചതിന് കാരണവും അതുതന്നെയാണ്.
Discussion about this post