കശ്മീരില്‍ മധ്യസ്ഥതയ്ക്കായി ഇന്ത്യ യുഎസ് സഹായം തേടിയെന്ന ട്രംപിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്ന കോണ്‍ഗ്രസ് വാദത്തിനിടെ പ്രധാനമന്ത്രിയെ പിന്തുണച്ച് ശശി തരൂര്‍ എംപി. മോദി ഇത്തരത്തില്‍ സഹായം ചോദിക്കുക നടക്കാനിടയില്ലാത്ത കാര്യമാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. കശ്മീരില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ വേണ്ടെന്ന ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്. പാക്കിസ്ഥാനുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സഹായം തേടിയെന്ന പ്രസ്താവന നടത്തിയ ട്രംപിനെയും തരൂര്‍ പരിഹസിച്ചു. താന്‍ എന്താണ് പറയുന്നതെന്ന് ട്രംപിന് അറിയില്ലെന്നായിരുന്നു തരൂരിന്റെ പരിഹാസം. കശ്മീര്‍ വിഷയം മനസിലാക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ഓഫിസ് അറിവുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ വിശദീകരിച്ച് കൊടുക്കണമെന്നും തരൂര്‍ പറഞ്ഞു.
ഇമ്രാനുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് അബദ്ധ പ്രസ്താവന നടത്തിയത്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കായി മോദി സഹായം അഭ്യര്‍ത്ഥിച്ചുവെന്നും, അത് നിര്‍വ്വഹിക്കുന്നതില്‍ സന്തോഷമേ ഉള്ളു എന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു. ഇത്തരമൊരു ആവശ്യം മോദി ഉന്നയിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, കേന്ദ്രസര്‍ക്കാരും വിശദീകരിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ലോകസഭയിലും രാജ്യസഭയിലും ബഹളമുണ്ടാക്കി.
Discussion about this post