യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കിട്ടിയ ഉത്തരക്കടലാസിൽ ഒരു കെട്ട് മറ്റൊരു എസ്എഫ്ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാൻ നൽകിയതാണെന്ന് കോളേജ് അധികൃതര്‍ പൊലീസിനെ അറിയിച്ചു. പി.എസ്.സിയുടെ പോലീസ് റാങ്ക് പട്ടികയില്‍ പ്രധാനപ്രതികള്‍ക്കൊപ്പം പ്രണവും ഇടംനേടിയിരുന്നു. റാങ്ക് പട്ടികയില്‍ രണ്ടാമനായിരുന്നു പ്രണവ്.
അതേസമയം ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടുമാണുണ്ടായിരുന്നത്. പരീക്ഷാ ചുമതലയുള്ളവരുടെ കണ്ണിൽപ്പൊടിയിടാൻ ഹാളിൽ വെച്ച് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാർക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്.
ശിവരഞ്ജത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ ഹാജര്‍ നേടാനായാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീല്‍ പതിപ്പിച്ച വ്യാജ കത്ത് നിര്‍മിച്ചാണ് ഇവര്‍ ക്ലാസില്‍ കയറാത്ത ദിവസങ്ങളിലെ ഹാജര്‍ സംഘടിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
അതേസമയം ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ കാര്യത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. . ഉത്തരക്കടലാസ് തിരിമറിയില്‍ സർവ്വകലാശാലയോ യൂണിവേഴ്സിറ്റി കോളേജ് അധികൃതരോ പൊലീസിന് പരാതി നൽകിയിട്ടില്ല.
Discussion about this post