ജയ് ശ്രീറാം വിളി പോര്‍വിളിയായെന്ന പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ 49 പ്രമുര്ഖര്ക്കെതിരെ കേസ്സെടുക്കണമാന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സുധീര്‍ കുമാര്‍ എന്ന അഭിഭാഷകനാണ് ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷ്വല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജയ് ശ്രീറാം വിളിയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചലച്ചിത്ര സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിയെ സമീപിച്ചത്.
മതവികാരം വ്രണപ്പെടുത്തല്‍, രാജ്യത്തിന്റെ ഏകത്വം തകര്‍ക്കുക, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസ്സെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് പ്രമുഖര്‍ എഴുതിയ കത്തെന്നാണ് സുധീര്‍ കുമാര്‍ പറയുന്നത്.ഇതിലൂടെ പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ ഭരണത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യമിടുന്നത്. വിഘടനവാദത്തെ പിന്തുണയ്ക്കുകയാണ് കത്തെഴുതിയ 49 പേരുമെന്നും സുധീര്‍ കുമാര്‍ ആരോപിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന് ചലച്ചിത്രപ്രവര്‍ത്തകരായ മണിരത്നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, ചരിത്രകാരന് രാമചന്ദ്ര ഗുഹ എന്നിവരാണ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയവരില്‍ പ്രമുഖര്‍.
രാജ്യത്ത് മുസ്ലീങ്ങള്‍ക്കും ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
Discussion about this post