ന്യൂഡൽഹി: ഇന്ത്യ പാകിസ്താനെ ബഹുമാനിക്കുകയും അവരുമായി ചർച്ച നടത്തുകയുമാണ് വേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. സൈനികബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാകിസ്താൻ ഇന്ത്യക്കെതിരേ അണുവായുധങ്ങൾ പ്രയോഗിച്ചേക്കാം. ഇന്ത്യൻ സർക്കാരിന് വേണമെങ്കിൽ ഇസ്ലാമാബാദിനോട് കടുപ്പത്തിൽ സംസാരിക്കാം. എന്നാൽ, അയൽരാജ്യത്തെ ബഹുമാനിക്കാതിരുന്നാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് മണിശങ്കർ അയ്യർ കൂട്ടിച്ചേർത്തു.
അവർക്ക് അണുബോംബുകളുണ്ട്. നമുക്കുമുണ്ട്. എന്നാൽ ലാഹോറിൽ ബോംബ് ഇടാൻ ഒരു ഭ്രാന്തൻ തീരുമാനിക്കുകയാണെന്നിരിക്കട്ടെ, അതിന്റെ വികിരണം അമൃത്സറിൽ എത്താൻ എട്ട് സെക്കൻഡ് പോലും വേണ്ടിവരില്ല, മണിശങ്കർ അയ്യർ പറഞ്ഞു. നാം അവരെ ബഹുമാനിക്കുകയാണെങ്കിൽ അവർ സമാധാനപരമായി നിലകൊള്ളും. എന്നാൽ, നാം അവരെ അവഹേളിച്ചാൽ, ഒരു ഭ്രാന്തൻ വന്ന് ഇന്ത്യയ്ക്കു നേർക്ക് അണുബോംബ് തൊടുക്കാൻ തീരുമാനിച്ചാൽ എന്തു ചെയ്യാനാകുമെന്ന് കോൺഗ്രസ് നേതാവ് ചോദിച്ചു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും മണിശങ്കർ അയ്യറിന് സമാനമായ പരാമർശം നടത്തിയിരുന്നു. പാകിസ്താൻ അധീന കശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമർശത്തിനെതിരെയായിരുന്നു വിമർശനം. അത്തരം നടപടികളിലേക്ക് കടക്കും മുൻപ് പാകിസ്താന്റെ കൈകളിൽ വളകളല്ലെന്ന ഓർമ വേണമെന്നും അവർ ഭാരതത്തിൽ അണുബോംബ് ഇടുമെന്നും ഫാറൂഖ് അബ്ദുള്ള ഭീഷണിപ്പെടുത്തി. നാഷണൽ കോൺഫ്രൻസ് നേതാവിന്റെ ഈ പരാമർശത്തിനെതിരെ പ്രതിഷേധം അണപ്പൊട്ടുകയാണ്. രാജ്യദ്രോഹ പരാമർശമാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞതെന്നും മാപ്പ് പറയണമെന്നുമുള്ള ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്.
ഇന്നലെ വാർത്ത ഏജൻസിയായ പിടിഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതിരോധമന്ത്രി പാക് അധീന കശ്മീർ വിഷയം പരാമർശിച്ചത്. ജമ്മുകശ്മീരിൽ സമാധാനവും വികസനവും എത്തിയപ്പോൾ തന്നെ ഇന്ത്യയുമായി ലയിക്കണമെന്ന ആവശ്യം പിഒകെയിൽ ഉയർന്നു തുടങ്ങി. ഇന്ത്യയുമായി ഒന്നുചേരണമെന്ന് അവിടുത്തെ ജനങ്ങൾ നിലപാടെടുത്താൽ പിഒകെ ഇന്ത്യയുടെ ഭാഗമാക്കാൻ അധികം ബലം പ്രയോഗിക്കേണ്ടി വരില്ല, അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. പിഒകെ പണ്ടും ഇന്ത്യയുടെ ഭാഗമായിരുന്നു, ഇപ്പോഴുമാണ്, നാളെയുമായിരിക്കും എന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമർശം. ഇതിനെതിരെയാണ് ഫാറൂഖ് അബ്ദുള്ള രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
Discussion about this post