ന്യൂഡൽഹി; കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പാകിസ്താൻ അനുകൂല പരാമർശത്തിനതിരെ വിർശനവുമായി ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ കോൺഗ്രസ് നേതാക്കൾ പരിഭ്രാന്തിയിലാണ്.ലോകത്തെ മികച്ച പ്രതിരോധ സംവിധാനമുള്ള ഇന്ത്യയിൽ വിശ്വാസമില്ലാത്തവർ ഇവിടെ തുടരരുതെന്നും പാകിസ്താനിലേക്ക് പോകണമെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ ഹൃദയം പാകിസ്താനൊപ്പമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു.കോൺഗ്രസ് നേതാക്കൾ ഇന്ത്യയിൽ താമസിക്കുകയും ഹൃദയം പാകിസ്താനൊപ്പവുമാണെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യ പാകിസ്താനെ ബഹുമാനിക്കുകയും അവരുമായി ചർച്ച നടത്തുകയുമാണ് വേണ്ടതെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പരാമർശം. സൈനികബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാകിസ്താൻ ഇന്ത്യക്കെതിരേ അണുവായുധങ്ങൾ പ്രയോഗിച്ചേക്കാം. ഇന്ത്യൻ സർക്കാരിന് വേണമെങ്കിൽ ഇസ്ലാമാബാദിനോട് കടുപ്പത്തിൽ സംസാരിക്കാം. എന്നാൽ, അയൽരാജ്യത്തെ ബഹുമാനിക്കാതിരുന്നാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് മണിശങ്കർ അയ്യർ കൂട്ടിച്ചേർത്തു.
അവർക്ക് അണുബോംബുകളുണ്ട്. നമുക്കുമുണ്ട്. എന്നാൽ ലാഹോറിൽ ബോംബ് ഇടാൻ ഒരു ഭ്രാന്തൻ തീരുമാനിക്കുകയാണെന്നിരിക്കട്ടെ, അതിന്റെ വികിരണം അമൃത്സറിൽ എത്താൻ എട്ട് സെക്കൻഡ് പോലും വേണ്ടിവരില്ല, മണിശങ്കർ അയ്യർ പറഞ്ഞു. നാം അവരെ ബഹുമാനിക്കുകയാണെങ്കിൽ അവർ സമാധാനപരമായി നിലകൊള്ളും. എന്നാൽ, നാം അവരെ അവഹേളിച്ചാൽ, ഒരു ഭ്രാന്തൻ വന്ന് ഇന്ത്യയ്ക്കു നേർക്ക് അണുബോംബ് തൊടുക്കാൻ തീരുമാനിച്ചാൽ എന്തു ചെയ്യാനാകുമെന്ന് കോൺഗ്രസ് നേതാവ് ചോദിച്ചു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും മണിശങ്കർ അയ്യറിന് സമാനമായ പരാമർശം നടത്തിയിരുന്നു. പാകിസ്താൻ അധീന കശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമർശത്തിനെതിരെയായിരുന്നു വിമർശനം. അത്തരം നടപടികളിലേക്ക് കടക്കും മുൻപ് പാകിസ്താന്റെ കൈകളിൽ വളകളല്ലെന്ന ഓർമ വേണമെന്നും അവർ ഭാരതത്തിൽ അണുബോംബ് ഇടുമെന്നും ഫാറൂഖ് അബ്ദുള്ള ഭീഷണിപ്പെടുത്തി.








